'വി.എസ് ഒരു ജനതയുടെ കണ്ണും കരളും' ചിത്ര പ്രദർശനം ശ്രദ്ധേയമായി
മുഹമ്മ: വി.എസ് അച്യുതാനന്ദന്റെ അനുസ്മരണത്തോടനുബന്ധിപ്പിച്ച് മുഹമ്മ എസ്. ഡി ഗ്രന്ഥശാലയിടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ജനപങ്കാളിത്തം കൊണ്ടും ചിത്രങ്ങളുടെ വികാര തീവ്രത കൊണ്ടും ശ്രദ്ധേയമായി. വി.എസ് മതികെട്ടാൻ മല കയറുന്നതും അട്ടകടിക്കുന്നതും പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്നതും പരിസ്ഥിതി വിഷയങ്ങളിൽ സുഗതകുമാരിയുമായി ചർച്ച നടത്തുന്നതും ഉൾപ്പടെ നിരവധി സമര തീഷ്ണമായ നൂറിലധികം ചിത്രങ്ങളാണ് പ്രദശനത്തിലുള്ളത്. ഇ.എം. എസ്, കെ.ആർ ഗൗരിയമ്മ, നായനാർ, പിണറായി വിജയൻ,പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയവ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ, മുഹമ്മയിലെ പഴയകാല നേതാക്കളുടെ ഭവന സന്ദർശന ചിത്രങ്ങളും 20 ചിത്രകാരന്മാർ വരച്ച വി.എസിന്റെ പ്രോട്രൈറ്റുകളും പ്രദർശനത്തിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ബാലോത്സവത്തിന് കെ.കെ.പ്രസന്നൻ നേതൃത്വം നൽകി. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം കയർ ബോർഡ് ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജെ. ജയലാൽ അദ്ധ്യക്ഷനായി.