അച്ഛന്റെ വോളിബാൾ പ്രേമം മകളെ താരമാക്കി, അണ്ടർ 16 ദേശീയ ടീമിൽ ഇടം നേടി ശ്രദ്ധ

Sunday 14 September 2025 12:00 AM IST
1

അന്നമനട : വോളിബാളിനോടുള്ള അച്ഛന്റെ സ്‌നേഹവും ആവേശവും മകളെ മികച്ച വോളിബാൾ താരമാക്കി. മേലഡൂരിലെ പരേതനായ സന്തോഷ് താണിക്കലിന്റെ മകൾ ശ്രദ്ധദേവ് ഇപ്പോൾ പെൺകുട്ടികളുടെ അണ്ടർ -16 ഇന്ത്യൻ വോളിബാൾ ടീമിൽ ഇടം നേടി. കഴിഞ്ഞവർഷം സംസ്ഥാന സ്‌കൂൾ സബ് ജൂനിയർ ടീമിൽ അംഗമായിരുന്ന ശ്രദ്ധ, ഇപ്പോൾ കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിൽ പത്താം ക്ലാസിൽ പഠിക്കുന്നു. എട്ടാം ക്ലാസ് വരെ പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചിരുന്ന ശ്രദ്ധ ആ കാലയളവിൽ റവന്യൂ ജില്ല വോളിബാൾ ചാമ്പ്യൻ ഷിപ്പുകളിൽ സ്ഥിരമായി പങ്കെടുത്തു. മികച്ച പരിശീലനത്തിനായി കണ്ണൂരിലെ സ്‌പോർട്‌സ് ഡിവിഷനിൽ ചേർന്നതാണ് വളർച്ചയ്ക്കുള്ള വഴി തുറന്നത്. പാലിശ്ശേരിയിലെ വോളിബാൾ ടീമുകൾ മത്സരത്തിനായി പുറപ്പെടുമ്പോൾ അവരുടെ യാത്ര സന്തോഷിന്റെ ട്രാവലറായിരുന്നു. ടീമിനൊപ്പം സൈഡ് ബെഞ്ചിൽ ഇരുന്ന് ആവേശത്തോടെ നിർദ്ദേശങ്ങൾ നൽകുന്ന സന്തോഷ്, 'മകൾ ഒരുദിവസം അറിയപ്പെടുന്ന താരമാകും' എന്ന് സ്വപ്നം കണ്ടിരുന്നു. ഇന്ന് അത് ശ്രദ്ധയുടെ നേട്ടത്തിലൂടെ യാഥാർത്ഥ്യമായി. പാലിശ്ശേരിയിലെ പഴയ കായികതാരങ്ങൾക്കായി നടന്ന സംഗമത്തിൽ വി.ആർ.സുനിൽ കുമാർ എം.എൽ.എ ശ്രദ്ധയുടെ വീട്ടിലെത്തി മെമെന്റോ നൽകി അഭിനന്ദിച്ചു.