ദളപതിയുടെ സംഗമ പ്രചാരണം: ആർത്തിരമ്പി ജനസാഗരം
തിരുച്ചിറപ്പള്ളി: അണ്ണാദുരൈയും എം.ജി.ആറും തുടങ്ങിയ തിരുച്ചിറപ്പള്ളിയിൽ നിന്നും ടി.വി.കെ അദ്ധ്യക്ഷൻ വിജയ് യും തന്റെ രാഷ്ട്രീയ പ്രചാരണയാത്ര ആരംഭിച്ചു. 92 ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന പര്യടനത്തിലൂടെ തമിഴ്നാടിന്റെ അധികാരം പിടിക്കുകയാണ് 'ദളപതി'യുടെ ലക്ഷ്യം.
ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ച അണ്ണാദുരൈ 1956ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ തീരുമാനം അറിയിച്ച സ്ഥലം തിരുച്ചിറപ്പള്ളിയായിരുന്നു.ഡി.എം.കെയെ പിളർത്തി അണ്ണാ ഡി.എം.കെ രൂപികരിച്ച എം.ജി.ആർ 1974 പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടത്താൻ തീരുമാനിച്ചതും ഇവിടെ വച്ചാണ്.
ട്രിച്ചിയിൽ തുടങ്ങിയാൽ എല്ലാം ഒരു വഴിത്തിരിവായിരിക്കുമെന്നാണ് വിജയ് ആർത്തലച്ച ജനസാഗരത്തോടു പറഞ്ഞത്. പണ്ട് യുദ്ധത്തിന് പോകുന്നതിനു മുമ്പ്, യുദ്ധം ജയിക്കാൻ, യോദ്ധാക്കൾ പൂർവ്വിക ക്ഷേത്രത്തിൽ പോയി ദൈവത്തെ ആരാധിക്കുമായിരുന്നു. അതുപോലെ ജനാധിപത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നതിന് മുമ്പ്, ഞാൻ നിങ്ങളെ കാണാൻ വന്നിരിക്കുന്നു- മരക്കടയ്ക്ക് സമീപമുള്ള എം.ജി.ആർ പ്രതിമയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിനു മുകളിൽ നിന്ന് വിജയ് പറഞ്ഞു.ഈ സ്ഥലത്ത് നിന്ന് ചില നല്ല കാര്യങ്ങൾ ആരംഭിക്കുന്നത് നല്ലതായിരിക്കുമെന്ന് മുതിർന്നവർ പറയുന്നത് കേട്ടിട്ടുണ്ട്.
ഭരണം കിട്ടിയാൽ ഗ്യാസ് സിലിണ്ടറുകൾക്ക് സബ്സിഡി നൽകുമെന്ന് ഡി.എം.കെ പറഞ്ഞു. അവർ ചെയ്തോ?ഡീസലിന്റെ വില ലിറ്ററിന് 3 രൂപ കുറയ്ക്കുമെന്ന് പറഞ്ഞു ചെയ്തോ? വിദ്യാഭ്യാസ വായ്പകൾ റദ്ദാക്കുമെന്ന് പറഞ്ഞു. ചെയ്തോ? ഡിഎംകെ അവരുടെ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. നിങ്ങൾ ഡിഎംകെക്ക് വോട്ട് ചെയ്യുമോ? ഇല്ല എന്നായിരുന്നു ജനത്തിന്റെ മറുപടി.
5 കി.മീ താണ്ടാൻ
4 മണിക്കുർ
പര്യടനത്തിന്റെ തുടക്കത്തിൽ ആദ്യ 5 കിലോമീറ്റർ താണ്ടാൻ 4 മണിക്കൂറോളം എടുത്തു. പാത മുഴുവൻ മണിക്കൂറുകൾക്കു മുമ്പു ജനക്കൂട്ടം കൈയടക്കിയിരുന്നു. 'നിങ്ങളുടെ വിജയ് ഇതാ വരുന്നു..' എന്ന മുദ്രവാക്യമുയത്തിയാണ് യാത്ര.
നൂതന ക്യാമറകൾ, ലൗഡ്സ്പീക്കറുകൾ, ആരാധകർ ഇടിച്ചു കയറുന്നത് തടയാൻ ഇരുമ്പ് റെയിലിംഗുകൾ എന്നിവ ഘടിപ്പിച്ച പ്രചാരണ ബസിലാണ് വിജയ് സഞ്ചരിക്കുന്നത്.ഇതിനിടെ വിജയ്‌യെ കാണാൻ മണിക്കൂറുകളായി കെട്ടിടത്തിന് മുകളിൽ കാത്തു നിന്ന യുവാവ് കുഴഞ്ഞു വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.