മലയാളികൾക്ക് കൂടുതൽ വ്യാപാരമേഖലകൾ തുറന്ന് ബിസിനസ് സമ്മിറ്റ്
ന്യൂഡൽഹി: കയറ്റുമതിയുടെ സാദ്ധ്യതകൾ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്താൻ പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഉച്ചകോടി തീരുമാനിച്ചു. സംഘടനയുടെ ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന കേരള ബിസിനസ് സമ്മിറ്റിലാണ് തീരുമാനം. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുമെന്ന് സംഘടനയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡൊമനിക് ജോസഫ്, റീജിയൻ പ്രസിഡന്റ് ശശിധരൻ എന്നിവർ അറിയിച്ചു. മെഡിക്കൽ ടൂറിസം ഉൾപ്പെടെ കേരളത്തിന്റെ ബിസിനസ് സാദ്ധ്യതകളെപ്പറ്റി ബേബി മാത്യു സോമതീരം, ഷാജി ബേബി ജോൺ, ഷിജു ജോസഫ് എന്നിവർ സംസാരിച്ചു. 25 കമ്പനികൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി വീരേന്ദ്രസിംഗ് ബാദ് ഖാൽസ ബിസിനസ് അവാർഡുകൾ വിതരണം ചെയ്‌തു. കാർഷിക ഉത്പന്നങ്ങൾ, സ്‌പോർട്സ് ,ഐ.ടി, എ.ഐ എന്നീ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കുമെന്ന് വീരേന്ദ്രസിംഗ് ഉറപ്പുനൽകി.