ഭാര്യയെ നടുറോഡിൽ വെടിവച്ചുകൊന്നു, യുവാവ് പിടിയിൽ
ഭോപ്പാൽ: പട്ടാപ്പകൽ നടുറോഡിലിട്ട് ഭാര്യയെ നിരവധി തവണ നിറയൊഴിച്ച് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നന്ദിനിയാണ്(28) കൊല്ലപ്പെട്ടത്. ഭർത്താവ് അരവിന്ദ് പരിഹാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് രൂപ്സിംഗ് സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. നടന്നുവരികയായിരുന്ന നന്ദിനിയെ അരവിന്ദ് തടഞ്ഞുനിറുത്തി. പിന്നാലെ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് യുവതിക്ക് നേരേ വെടിയുതിർത്തു. അഞ്ചുതവണ നിറയൊഴിച്ചു. നാല് വെടിയേറ്റ നന്ദിനി വീണു. ഇതോടെ കൈയിൽ തോക്കുമായി ഇവർക്ക് സമീപം അരവിന്ദ് ഇരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി ഭീഷണി തുടർന്നു. ആളുകൾക്ക് നേരേ വെടിയുതിർക്കുമെന്നും സ്വയം നിറയൊഴിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാളെ കീഴ്പ്പെടുത്താൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
പിന്നാലെ മൽപ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പ്രതിയെ കൈകാര്യം ചെയ്തു. വെടിയേറ്റുവീണ നന്ദിനിയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രശ്നങ്ങളെത്തുടർന്ന് അരവിന്ദ് പരിഹാറും നന്ദിനിയും ഏറെ നാളായി വേർപിരിഞ്ഞാണ് താമസമെന്ന് നാട്ടുകാർ പറയുന്നു.
കരാറുകാരനായ അരവിന്ദും നന്ദിനിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. അരവിന്ദിനെതിരേ നന്ദിനി പലതവണ പരാതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഇയാളെ പലതവണ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാര്യയും കുട്ടികളുമുണ്ടെന്ന കാര്യം മറച്ചുവച്ച് തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ചയും നന്ദിനി അരവിന്ദിനെതിരേ പരാതി നൽകിയിരുന്നു. 2024 നവംബറിൽ അരവിന്ദും ഇയാളുടെ സുഹൃത്ത് പൂജ പരിഹാറും ചേർന്ന് തന്നെ മർദ്ദിച്ചെന്നും പരാതി നൽകിയിട്ടുണ്ട്.
നന്ദിനിയെ വിവാഹം കഴിക്കുമ്പോൾ പ്രതി വിവാഹിതനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ നേരത്തേ പലതവണ വഴക്കുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ അരവിന്ദ് ജയിലിൽ നിന്നിറങ്ങി. ഇതിനുശേഷം പ്രശ്നങ്ങൾ പരിഹരിച്ച് രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
എന്നാൽ, അടുത്തിടെ നന്ദിനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് വീണ്ടും വഴക്കുണ്ടായി. നന്ദിനി മൂന്നാം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലക്കേസിൽ ജയിലിലായിരുന്ന നന്ദിനി, 2022ലാണ് മോചിതയായത്.