മണിപ്പൂരിനായി പരമാവധി കാര്യങ്ങൾ ചെയ്യുന്നു : മോദി

Sunday 14 September 2025 3:49 AM IST

ന്യൂഡൽഹി: മണിപ്പൂരിനെ വികസനത്തിലേക്ക് നയിക്കാനും, സമാധാനം പുന:സ്ഥാപിക്കാനും കേന്ദ്രസർക്കാർ പരമാവധി ശ്രമങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വിവിധ ഗ്രൂപ്പുകളുമായി ധാരണയുണ്ടാക്കി കേന്ദ്രം സമാധാന കരാറിലേർപ്പെട്ടു. വീടുകൾ നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ 7000 പുതിയ വീടുകളാണ് നിർമ്മിക്കുന്നത്. 3000 കോടിയുടെ പ്രത്യേക പാക്കേജ് ഇതിനോടകം അംഗീകരിച്ചു. പുനരധിവാസത്തിനായി 500 കോടി പ്രത്യേകമായി അനുവദിച്ചു. മുൻപ് മികച്ച സ്‌കൂളുകളും ആശുപത്രികളും മണിപ്പൂരിന് സ്വപ്‌നം മാത്രമായിരുന്നു. കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഫലമായി ആ സാഹചര്യത്തിൽ മാറ്റം വരികയാണ്. ചുരാചന്ദ്പൂരിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിച്ചു. വികസന പദ്ധതികൾ ജനജീവിതം സുഗമമാക്കും. അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തും. യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു.

ദീപക് ചിംഗക്ഖാമിന്റെ ധീരതയെ പുകഴ്‌ത്തി മോദി

പ്രസംഗത്തിനിടെ ഓപ്പറേഷൻ സിന്ദൂറും മോദി പരാമർശിച്ചു. മണിപ്പൂരിൽ നിന്നുള്ള സൈനികരുടെ ധീരതയെ വാഴ്‌ത്തി. ഓപ്പറേഷനിടെ മേയ് 10ന് ജമ്മു കാശ്‌മിരിലെ ഇന്ത്യ-പാക് അതിർത്തിയിലെ ആർ.എസ്.പുര സെക്‌ടറിൽ പാക് പ്രകോപനമുണ്ടായി. പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ച ബി.എസ്.എഫ് കോൺസ്റ്റബിൾ ദീപക് ചിംഗക്ഖാമിനെ മോദി അനുസ്‌മരിച്ചു. രാജ്യം എക്കാലവും ആ ത്യാഗത്തിന്റെ ഓർമ്മ സൂക്ഷിക്കും.

മോദിക്ക് നിവേദനം നൽകി കുക്കി സംഘടന

പ്രത്യേക കേന്ദ്ര ഭരണപ്രദേശം മാത്രമാണ് ശാശ്വത രാഷ്ട്രീയ പരിഹാരമെന്ന് ചൂണ്ടിക്കാട്ടി കുക്കി സോ കൗൺസിൽ മോദിക്ക് നിവേദനം നൽകി. പ്രത്യേക നിയമസഭയും വേണം. മേഖലയിലെ സമാധാനം, സുരക്ഷ, നിലനിൽപ്പ് എന്നിവയ്‌ക്ക് പ്രത്യേക ഭരണക്കൂടം അനിവാര്യമാണെന്നും നിവേദനത്തിൽ പറയുന്നു. മെയ്‌തികൾ ഈ ആവശ്യത്തെ ശക്തമായി എതിർക്കുന്നതിനിടെയാണിത്.