അദ്ദേഹത്തിന്റെ ശബ്ദം എന്നിലൂടെ നിലനിറുത്തും: കിർക്കിന്റെ ഭാര്യ
വാഷിംഗ്ടൺ: യു.എസിൽ വെടിയേറ്റ് മരിച്ച വലതുപക്ഷ രാഷ്ട്രീയ ആക്ടിവിസ്റ്റ് ചാർലി കിർക്കിനെ (31) അനുസ്മരിച്ച് ഭാര്യ എറിക്ക കിർക്ക്. കിർക്കിന്റെ പാരമ്പര്യം മരിക്കുന്നില്ലെന്നും അദ്ദേഹം തുടങ്ങിവച്ച പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹത്തിന്റെ ശബ്ദം തന്നിലൂടെ നിലനിറുത്തുമെന്നും എറിക്ക പറഞ്ഞു. ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ ഔട്ട്ഡോർ സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത വിശ്വസ്തനായ കിർക്കിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുഃഖ സമയത്ത് ഒപ്പം നിന്ന് പിന്തുണ നൽകിയതിന് ട്രംപിനും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും എറിക്ക നന്ദി അറിയിച്ചു. അതേ സമയം, കിർക്കിനെ കൊലപ്പെടുത്തിയ ടൈലർ റോബിൻസൺ (22) എഫ്.ബി.ഐയുടെ കസ്റ്റഡിയിലാണ്. കിർക്കിനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടുള്ള വിരോധമാണ് ടൈലറിനെ കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൺസർവേറ്റീവ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ടേണിംഗ് പോയിന്റ് അമേരിക്ക എന്ന എൻ.ജി.ഒയുടെ സഹ സ്ഥാപകനായിരുന്നു കിർക്ക്.