'ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിന്നുകൾ കുത്തിയിറക്കി, യുവാക്കളെ കെട്ടിത്തൂക്കി മർദ്ദിച്ചു'; യുവദമ്പതികൾ പിടിയിൽ

Sunday 14 September 2025 9:16 AM IST

പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുങ്ങിയ യുവാൾക്കുനേരെ അതിക്രൂര മർദ്ദനം. റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയുമാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ യുവദമ്പതികളായ ജയേഷും രശ്‌മിയും പിടിയിലായി.പത്തനംതിട്ട ചരൽക്കുന്നിലാണ് സംഭവം. പ്രതികൾ സൈക്കോ മനോനിലയുളളവരാണെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം ഒന്നാം തീയതിയാണ് റാന്നി സ്വദേശി മർദ്ദനത്തിനിരയായത്. മാരാമൺ ജംഗ്ഷനിൽ നിന്നാണ് ജയേഷ് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. രശ്മിയുമായി യുവാവ് സൗഹൃദത്തിലായിരുന്നു. ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി അഭിനയിക്കാൻ ജയേഷ് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചു. പിന്നീട് ദമ്പതികൾ യുവാവിനെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ മുളകുസ്‌പ്രേ അടിക്കുകയും 23 സ്​റ്റേപ്ലർ പിന്ന് കുത്തിയിറക്കുകയുമായിരുന്നു. യുവാവിന്റെ നഖവും പിഴുതെടുത്തിരുന്നു. മർദ്ദിച്ച ശേഷം ദമ്പതികൾ യുവാവിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

ആലപ്പുഴ സ്വദേശിയായ യുവാവും സമാനരീതിയിലാണ് മർദ്ദനത്തിനിരയായത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവാവ് രശ്മിയെ കാണാനായി തിരുവല്ലയിൽ എത്തുകയായിരുന്നു. അവിടെ വച്ച് ജയേഷാണ് യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മാനക്കേട് കാരണം യുവാക്കൾ ആദ്യം വിവരം പുറത്തറിയിച്ചില്ല. ആശുപത്രിയിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ദമ്പതികൾ യുവാക്കളിൽ നിന്ന് പണവും ഐഫോണും കവർന്നതായും പൊലീസ് കണ്ടെത്തി. നിലവിൽ രശ്‌മി പത്തനംതിട്ട വനിതാ സ്​റ്റേഷനിലും ജയേഷ് ആറന്മുള സ്​റ്റേഷനിലുമാണുളളത്. കൂടുതൽ അന്വേഷങ്ങൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.