കുരുന്ന് ജീവന് രക്ഷകനായത് വളർത്തുനായ, കൈയടിച്ച് സോഷ്യൽ മീഡിയ, ഒടുവിൽ ട്വിസ്റ്റ്
എഐ സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജോലികളെ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അവയുടെ ഗുണങ്ങൾക്കൊപ്പം പുതിയ വെല്ലുവിളികളും ഉയർന്നു വരുന്നുണ്ട്. എഐ വഴി സൃഷ്ടിച്ചെടുത്ത ഒറിജിനലിനെ വെല്ലുന്ന ഒട്ടേറെ ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകളും വീഡിയോയും കൊണ്ട് നിറയുകയാണ് സമൂഹമാദ്ധ്യമങ്ങൾ. യഥാർത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള നിരവധി സംഭവങ്ങൾ നിർമ്മിതബുദ്ധിയിലൂടെ നമ്മെ കബിളിപ്പിക്കാറുണ്ട്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഒരു വലിയ അപകടത്തിൽ നിന്ന് കുഞ്ഞിനെ ഒരു വളർത്തു നായ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒറ്റനോട്ടത്തിൽ, ഒരു അമ്മയും കുഞ്ഞും തങ്ങളുടെ വളർത്തു നായയുമാണ് വീഡിയോയിലുള്ളത്. കുട്ടിയെ രക്ഷിച്ചതിന് വളർത്തു നായയെ ഒട്ടേറെ പേർ പ്രശംസിക്കുകയും ചെയ്തു. എന്നാൽ ചിലർ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതെന്നാണ് ഒരു വിഭാഗം ഉപയോക്താക്കൾ ചൂണ്ടികാണിക്കുന്നത്.
കുഞ്ഞിന്റെ അമ്മ വസ്ത്രങ്ങൾ കഴുകുന്നതും കുഞ്ഞ് സ്‌ട്രോളറിൽ അമ്മയ്ക്കൊപ്പം ഇരിക്കുന്നതുമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇവർക്കൊപ്പം വളർത്തു നായയും ദൃശ്യങ്ങളിലുണ്ട്. പൊടുന്നനെയാണ് സ്‌ട്രോളർ മുന്നോട്ട് നീങ്ങി മറിയാൻ പോയപ്പോൾ നിമിഷ നേരം കൊണ്ട് നായ ചാടി മുന്നോട്ട് വന്ന് സ്‌ട്രോളർ തടയുകയും വീഴ്ചയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തത്. പക്ഷേ സംഭവസമയത്ത് അമ്മയുടെ മുഖത്ത് പരിഭ്രാന്തിയുടെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല, ഒന്നും സംഭവിക്കാത്തതുപോലെ അവർ അവിടെത്തന്നെ നിന്നു. അതുകൊണ്ടാണ് പലരും എഐ ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചതെന്ന് സംശയം ഉന്നയിച്ചത്.