'മുൻ കോളനികളാൽ കോളനിവത്കരിക്കപ്പെടുന്നു'; ഇന്ത്യക്കാരെയടക്കം ആശങ്കയിലാക്കി ലണ്ടനിൽ വമ്പൻ കുടിയേറ്റ വിരുദ്ധ റാലി
ലണ്ടൻ: ഇന്ത്യക്കാരെയടക്കം ആശങ്കയിലാക്കി ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ റാലിയ്ക്കാണ് കഴിഞ്ഞ ദിവസം ലണ്ടൻ നഗരം സാക്ഷ്യം വഹിച്ചത്. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസണ്ണിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ഒരു ലക്ഷത്തിലേറെ ആളുകളാണ് പങ്കെടുത്തത്. 'യുണെെറ്റ് ദ് കിംഗ്ഡം' എന്ന പേരിൽ സംഘടിപ്പിച്ച റാലിയിൽ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
നഗരത്തിലെ പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ആയിരത്തോളം പൊലീസുകാരാണ് റാലി നിയന്ത്രിക്കാൻ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പൊലീസുകാർക്ക് പരിക്കേറ്രു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. 25ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചു. ബ്രിട്ടൻ മുൻ കോളനികളാൽ കോളനിവത്കരിക്കപ്പെടുന്നുവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
ബ്രിട്ടന്റെ വികസനത്തിൽ പങ്കാളികളായ പൗരന്മാരെക്കാൾ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കാണ് കോടതികൾ പ്രാധാന്യം നൽകുന്നതെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ടോമി റോബിൻ സൺ പറഞ്ഞു. ബ്രിട്ടനിലെ 'ഇംഗ്ലീഷ് ഡിഫൻസ് ലീഗ്' എന്ന തീവ്ര വലതുപക്ഷ, മുസ്‌ലീം വിരുദ്ധ സംഘടനയുടെ സ്ഥാപകനാണ് ടോമി റോബിൻ സൺ. 'ബ്രിട്ടീഷുകാരനായിരിക്കുന്നതിൽ അഭിമാനമാണ്. എന്നാൽ ഇപ്പോൾ ഇവിടെ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. തുടക്കത്തിൽ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും, എന്നാൽ വൻതോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടൻ നാശത്തിലേക്ക് പോവും'- ടോമി റോബിൻ സൺ പറഞ്ഞു.
റോബിൻ സണിന് പുറമേ ടെലിവിഷൻ അവതാരകൻ കാറ്റി ഹോപ്കിൻസ്, ലോറൻസ് ഫോക്സ്, ആൻഡ് മിഡിൽട്ടൻ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കളും റാലിക്ക് നേതൃത്വം നൽകി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വലതുപക്ഷ നേതാക്കൾ റാലിയെ അനുകൂലിച്ച് രംഗത്തെത്തി. കുടിയേറ്റക്കാർ യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കുകയാണെന്ന് ഫ്രഞ്ച് വലതുപക്ഷ നേതാവായ എറിക് സെമ്മൂർ പറഞ്ഞു. ടെസ്ല സിഇഒയായ ഇലോൺ മസ്ക്കിന്റെ വീഡിയോ സന്ദേശം റാലിയിൽ പ്രദർശിപ്പിച്ചു. 1,10,000 മുതൽ 1,50,000 വരെ ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.