ആലപ്പുഴയിൽ വൻ കഞ്ചാവുവേട്ട; 27 കിലോ കഞ്ചാവുമായി ബംഗാളിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ
ആലപ്പുഴ: ചേർത്തലയിൽ വൻ കഞ്ചാവുവേട്ട. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 27 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. പശ്ചിമബംഗാൾ സ്വദേശികളായ അജുറുൾ മുള്ള (35), സിമൂൾ എസ് കെ (18) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ആഡംബര വാഹനത്തിൽ എട്ട് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായിരുന്നു. പശ്ചിമബംഗാൾ മൂർഷിദാബാദ് മധുബോണ സ്വദേശി മണിറുൽ മണ്ഡൽ (27), സോൺജൂർ മണ്ഡൽ (25) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പൊലീസും ചേർന്ന് പിടികൂടിയത്. കൂവപ്പടി പാപ്പൻപടി ഭാഗത്ത് വച്ച് കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഒഡീഷയിൽ നിന്ന് ടാറ്റ ഹാരിയർ കാറിലാണ് ഇവർ കഞ്ചാവുമായി എത്തിയത്. പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റി കേരള രജിസ്ട്രേഷൻ നമ്പർ ഫിറ്റ് ചെയ്തായിരുന്നു കഞ്ചാവ് കടത്ത്. രഹസ്യവിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് 2000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 മുതൽ 30,000 രൂപ വരെ നിരക്കിലാണ് വില്പന നടത്തിയിരുന്നത്.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐ അജി പി. നായർ, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, സുനിൽകുമാർ, സീനിയർ സി പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, എം.ആർ. രഞ്ജിത്ത്, എബി മാത്യു, നിതിൻ, നിസാമുദ്ദീൻ, അരുൺ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.