ഭാര്യയെ വെട്ടികൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യചെയ്തു; സംഭവം തൃശൂരിൽ
തൃശൂർ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. രാവിലെ എട്ടു മണിയോടെ തൃശൂർ ആളൂർ ആനത്തടത്തിലാണ് സംഭവം. പുതുശ്ശേരി സ്വദേശി ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേവസ്യയും ഭാര്യ അൽഫോൻസയും തമ്മിൽ ഏറെ നാളായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കുറേ നാളുകളായി പ്രശനങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ദേവസ്യ, അൽഫോൻസ താമസിച്ചിരുന്ന വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെയും വഴക്കിട്ടിരുന്നു. വഴക്കിനിടയിൽ ദേവസ്യ അൽഫോൻസയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനു ശേഷം ഭാര്യ മരിച്ചുവെന്ന് കരുതി ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.
അൽഫോൻസയുടെ രണ്ട് സഹോദരിമാർ ഇവരെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ അൽഫോൻസ നിലത്തു കിടക്കുന്നത് കണ്ടത്. അതിനു പിന്നാലെ അടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദേവസ്യയെയും കണ്ടു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ച് പരിക്കേറ്റ അൽഫോൻസയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.