'അവർ സംസാരിക്കുന്നത് നെഞ്ചിൽ നോക്കിയാണ്, ദൃശ്യം സ്റ്റാറെന്ന് പലരും ട്രോളാറുണ്ട്'; ദുരനുഭവം വെളിപ്പെടുത്തി എസ്‌തർ അനിൽ

Sunday 14 September 2025 1:07 PM IST

ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് എസ്‌തർ അനിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് എസ്‌തർ മലയാളികൾക്ക് കൂടുതൽ സുപരിചിതയായത്. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് എസ്‌തർ വിദേശത്ത് പഠിക്കാനായി പോയതും വാർത്തകളായതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പല പോസ്റ്റുകൾക്കും വിമർശനങ്ങൾ ലഭിക്കാറുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്യുന്ന എസ്തർ തന്റെ ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

'ഇന്ത്യയ്ക്ക് പുറത്ത് ഒരുപാട് തവണ ഒ​റ്റയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മുംബയിലും ചെന്നൈയിലും പോയിട്ടുണ്ട്. കൂടുതൽ ആൾക്കാരുമായും ഇടപെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഒരുപരിധി വരെ ഒ​റ്റയ്ക്ക് യാത്ര ചെയ്താൽ വിദേശത്ത് ഒ​റ്റയ്ക്കുപോകാൻ വലിയ ബുദ്ധിമുട്ടായി തോന്നില്ല. ഒരു മാസം ഡൽഹിയിൽ താമസിച്ചിരുന്നു.ചെറിയൊരു പ്രദേശത്താണ് താമസിച്ചത്. എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഡൽഹി. അവിടെ ആളുകൾ കണ്ണിൽ നോക്കിയല്ല സംസാരിക്കുന്നത്. നെഞ്ചിൽ നോക്കിയാണ് സംസാരിക്കുന്നത്.

എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുമിച്ച് പഠിച്ചവരിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാൽ സിനിമയിൽ നിന്ന് അധികം സുഹൃത്തുക്കളൊന്നുമില്ല. അതുകൊണ്ടാണ് സിനിമയോട് വലിയ ആത്മബന്ധമൊന്നും തോന്നാത്തത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി എന്റെ പ്രായത്തിലുളള ചില സിനിമാതാരങ്ങളുമായി സൗഹൃദത്തിലാകാൻ സാധിച്ചു. അത് നല്ല അനുഭവമാണ് സമ്മാനിച്ചത്.

സിനിമയിൽ തുടരണമെന്ന് ഞാൻ അധികം ചിന്തിച്ചിട്ടില്ല. ഒരുസമയത്ത് വരുമാനമാർഗമായാണ് സിനിമയെ ക ണ്ടിരുന്നത്. അതിനിടയിലാണ് ദൃശ്യം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അതിലൂടെ ജീവിതം ഒരുപാട് മാറി. അപ്പോഴും പഠിക്കണമെന്നതായിരുന്ന ചിന്ത. സിനിമയിൽ തുടരുമ്പോൾ ഒരുപാട് ആളുകൾ പല കാര്യത്തിനും വിമർശിക്കുമെന്ന പേടിയുമുണ്ടായിരുന്നു. ദൃശ്യം സ്റ്റാറാണെന്നാണ് കൂടുതൽ ആൾക്കാരും എന്നെ ട്രോളുന്നത്. അത് ആദ്യമൊക്കെ വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ ആ ട്രോളുകൾ ആസ്വദിക്കുകയാണ്'- എസ്‌തർ അനിൽ പറഞ്ഞു.