'സ്നേഹം  വാക്കുകൾ കൊണ്ട്   പറഞ്ഞറിയിക്കാനാവില്ല', അമ്മയുടെ പിറന്നാൾ ദിനത്തിൽ ബാല്യകാല ചിത്രം പങ്കുവച്ച് നയൻതാര

Sunday 14 September 2025 4:50 PM IST

മലയാളത്തിലൂടെ അരങ്ങേറി ബോളിവുഡിൽ വരെ നായികയായി മാറിയ താരമാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ആരാധകർ നയൻതാരയ്ക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയോടൊപ്പമുള്ള മനോഹരമായ ബാല്യകാല ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ ഒരു പോസ്റ്റിനൊപ്പമാണ് അപൂർവ്വ ചിത്രവും നയൻതാര സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

"എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ എന്റെ ജീവിതത്തിലേക്ക് അമ്മ ചൊരിഞ്ഞ സ്നേഹത്തിനും ത്യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും അമ്മയോടുള്ള എന്റെ സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. അമ്മയാണ് ഞങ്ങളുടെ എല്ലാമെല്ലാം. ഞങ്ങൾ എടുക്കുന്ന ഓരോ ചുവടുവയ്പ്പിനും പിന്നിലെ ശക്തി, ഓരോ ദിവസവും ഈ പ്രപഞ്ചത്തോട് ഞങ്ങൾ നന്ദി പറയുന്നു. അമ്മയ്ക്ക് ഒരുപാട് സ്നേഹം."-നയൻതാര കുറിച്ചു.

ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷം 2022ൽ ആയിരുന്നു സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം. പിന്നാലെ വാടകഗർഭധാരണത്തിലൂടെ ഇവ‌ർക്ക് ഇരട്ടക്കുട്ടികളും ജനിച്ചിരുന്നു,​ ഉയിർ,​ ഉലകം എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ. ഇവരുടെ വിശേഷങ്ങളും നയൻസും വിക്കിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ആർ മാധവനും സിദ്ധാർത്ഥിനും ഒപ്പം സ്‌പോർട്‌സ് സൈക്കോളജിക്കൽ ഡ്രാമയായ ടെസ്റ്റിലാണ് നടി അവസാനമായി അഭിനയിച്ചത്. ഫാന്റസി കോമഡി ചിത്രമായ മൂക്കുത്തി അമ്മൻ 2 ആണ് അടുത്തതായി വരാനിരിക്കുന്ന പുതിയ ചിത്രം.