കടമ്പകളേറെ, കാത്തിരിക്കണം
ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുവാദം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ ശ്രീനിവാസൻ സിനിമയിലെ ഡയലോഗുപോലെ 'ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമാകുമോ' എന്നു ചോദിച്ചു പോകുകയാണ് ചുറ്റുവട്ടത്തുള്ളവർ.
ഏകകണ്ഠമായി ബില്ല് പാസാക്കിയാലും രാഷ്ട്രപതി ഒപ്പുവച്ചാലേ നിയമമാകൂ. പഴയ നിയമത്തിൽ കടിച്ചുപിടിച്ചിരിക്കുന്ന കേന്ദ്രസർക്കാരിന്റെ അനുമതി തേടാതെ രാഷ്ട്രപതി ഒന്നും ചെയ്യില്ല. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ നാട്ടുകാർക്ക് വെടിവച്ചു കൊല്ലാം ഇറച്ചി തിന്നുകയും ചെയ്യാം. അക്രമകാരികളായ കാട്ടുപന്നിയെ വെടിവച്ച് കൊന്നശേഷം തിന്നാൽ ഇപ്പോൾ അകത്താകും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചശേഷം കുഴിച്ചിടണമെന്നാണ് നിയമം. മണ്ണെണ്ണ ചുവയുള്ളതിനാൽ ആരും മണ്ണു മാന്തി തിന്നില്ലല്ലോ! ഇതു മാറ്റി. കൊന്നാൽ പാപം തിന്നാൽ തീരുമെന്ന അവസ്ഥ വരുമെന്നാണ് സർക്കാർ പറയുന്നത്.
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മൂന്നുതവണ സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല. പേ പിടിച്ച തെരുവുനായ്ക്കളുടെ കടി സഹിക്കാതെ വന്നപ്പോൾ അതിനെയെങ്കിലുംക്ഷുദ്രജീവിയാക്കാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല. പിന്നാ കാട്ടുപന്നി. രണ്ടര വർഷത്തിനിടെ 4941 കാട്ടു പന്നികളെ കേരളത്തിൽ വെടിവച്ചു കൊന്നു. അയ്യായിരം ക്വിന്റൽ മാംസമാണ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളഞ്ഞത്.
ജനവാസമേഖലയിറങ്ങുന്ന കാട്ടുപന്നികളെ പിടികൂടി വന്ധ്യംകരിച്ച് ജനനനിയന്ത്രണം നടപ്പാക്കുമെന്നാണ് പുതിയ ബില്ലിൽപറയുന്നത്. തെരുവ് നായയെ പിടികൂടി വന്ധ്യംകരിച്ച് വിട്ടിട്ടും എണ്ണവും കടിയും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. വെട്ടു പോത്തുപോലെ പാഞ്ഞു വരുന്ന കാട്ടുപന്നികളെ പിടിച്ചാൽ വിവരമറിയുമെന്ന് നാട്ടുകാർക്ക് അറിയാമെന്നതിനാലാണ് ഇതുവല്ലതും നടക്കുമോ എന്നു ചോദിക്കുന്നത്. തദ്ദേശ ,നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മലയോര മേഖലയിലെ വോട്ടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് വന്യജീവി സംരക്ഷണഭേദഗതി ബിൽ നിയമസഭയിൽ വരുന്നത്. ചുറ്റുവട്ടത്തുള്ളവർ ഇതൊക്കെയെത്ര കണ്ടിട്ടും കേട്ടിട്ടുമുണ്ട്.!