കപടനാടകം ആരുടേത്? ശിവകുമാറിന്റെ ലേഖനം: ചില വസ്തുതകൾ
മുൻ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ ഒരു ലേഖനം 'അയ്യപ്പ സംഗമം കപട നാടകം" എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ചത് ശ്രദ്ധിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ, തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് കോൺഫെഡറേഷന്റെ മുൻ പ്രസിഡന്റ് എന്ന നിലയിൽ അറിയിക്കുവാൻ ആഗ്രഹിക്കുന്നു.
പമ്പയിൽ 12.675 ഹെക്ടർ വനഭൂമിയും, നിലയ്ക്കലിൽ 112 ഹെക്ടർ വനഭൂമിയും ശബരിമല വികസനത്തിനായി ലഭിച്ചു എന്നുള്ളത് വസ്തുതയാണ്. അന്ന് കേന്ദ്രത്തിൽ യു.പി.എ സർക്കാരും കേരളത്തിൽ യു.ഡി.എഫ് സർക്കാരും യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ദേവസ്വം ഭരണ സമിതിയുമായിരുന്നു. വികസനത്തിനായുള്ള വനഭൂമി അനുവദിച്ചാൽ പകരം വനഭൂമി ദേവസ്വം ബോർഡിനെക്കൊണ്ട് വിലയ്ക്കു വാങ്ങി നൽകാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അന്നത്തെ ദേവസ്വം ബോർഡും പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഉറപ്പു നൽകിയിരുന്നു.
എന്നാൽ ബോർഡിനെ സാമ്പത്തികമായി പാപ്പരാക്കുന്ന നടപടിയായതുകൊണ്ട് അംഗീകൃത സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കോൺഫെഡറേഷൻ നേതാക്കളെ മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിക്കുകയും പ്രസ്തുത നടപടി ഉപേക്ഷിക്കുകയും ചെയ്തു. പകരം വനഭൂമി കമ്പക്കല്ലിൽ കണ്ടെത്തുകയും വനവൽകരണത്തിനായി 10 കോടി രൂപ ദേവസ്വം ബോർഡിനെക്കൊണ്ട് നെറ്റ് പ്രസന്റ് വാല്യു ആയി അടപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് നിലയ്ക്കലെ ഭൂമി ദേവസ്വം ബോർഡിനു ലഭിച്ചത്.
എന്നാൽ നിലയ്ക്കലിൽ അനുവദിച്ചു കിട്ടിയ സ്ഥലത്തിൽ നിന്ന് അഞ്ച് ഏക്കർ സ്ഥലം വീതം അയൽ സംസ്ഥാനങ്ങൾക്ക് ഉമ്മൻചാണ്ടി സർക്കാർ വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും, അഞ്ച് ഏക്കർ സ്ഥലം നിലയ്ക്കൽ മഹാദേവർ ക്ഷേത്രത്തിനു പുറകിലായി കർണാടക സർക്കാരിന് അനുവദിക്കുകയും ചെയ്തു. അവിടെ കർണാടക സർക്കാരിന് കെട്ടിടം പണിയുന്നതിനായി അന്ന് ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാർ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. കർണാടക സർക്കാർ പ്രതിനിധികളും അന്നത്തെ ബോർഡ് പ്രസിഡന്റ് എം.വി. ഗോവിന്ദൻ നായരും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
ഈ സ്ഥലം അയൽ സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നതിന് എതിരായി കോൺഫഡറേഷൻ കേരള ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയാണുണ്ടായത്. വി.എസ്. ശിവകുമാറിന്റെ പേരിലുള്ള ശില വർഷങ്ങൾ പിന്നിട്ടിട്ടും ശിലയായിത്തന്നെ അവിടെ ഇപ്പോഴും കാണാവുന്നതാണ്. വസ്തുത ഇതായിരിക്കെ അയ്യപ്പവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന കപടനാടകമാണ് ലേഖനത്തിലൂടെ ശിവകുമാർ നടത്തിയിരിക്കുന്നത്.
(തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ മുൻ പ്രസിഡന്റ് ആണ് ലേഖകൻ)