നാവായിക്കുളം - തുമ്പോട് റോഡിലെ കുഴികൾ നികത്തി
കല്ലമ്പലം: നിരന്തരം അപകടങ്ങൾ നടക്കുന്ന നാവായിക്കുളം - തുമ്പോട് റോഡിൽ രൂപപ്പെട്ട നൂറുകണക്കിന് കുഴികൾ അടിയന്തരമായി നികത്തി. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഓഗസ്റ്റ് 22ന് കേരളകൗമുദിയിൽ വന്ന വാർത്ത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് റോഡിലെ കുഴികൾ നികത്തി റീടാർ ചെയ്തത്.
നാവായിക്കുളം - മടവൂർ - നിലമേൽ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും എൻ. എച്ച്, എം.സി റോഡുകളെ ബന്ധിപ്പിക്കുന്നതുമായ പ്രധാന പി. ഡബ്യൂ.ഡി റോഡാണിത്. ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരന്തരം സർവീസ് നടത്തുന്നതും വർക്കല, ചടയമംഗലം, പൊന്മുടി ടൂറിസം ഏരിയകളിലേക്ക് ചെന്നെത്തുന്നതിന് ടൂറിസ്റ്റുകൾ ആശ്രയിക്കുന്നതുമായ പ്രധാന റോഡാണിത്.
വാർത്ത തുണയായി
മുമ്പ് കുഴികളിൽ മണ്ണും മെറ്റലും നിറച്ചെങ്കിലും ടാർ ചെയ്യാത്തതിനാൽ കഴിഞ്ഞ മഴയിൽ മണ്ണെല്ലാം ഒലിച്ചുപോയി. റോഡിലെ പൊടിപടലങ്ങൾ മൂലം സമീപവാസികൾക്ക് അലർജി പോലുള്ള രോഗങ്ങളും പിടിപെട്ടു. ഇരുചക്രവാഹനങ്ങൾ കുഴിയിൾ വീണ് നിയന്ത്രണംവിട്ടുള്ള അപകടങ്ങളും പതിവായിരുന്നു. പാറച്ചേരിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമെന്ന നിലയ്ക്ക് താഴ്ന്ന നിലയിലായിരുന്ന റോഡ് മണ്ണിട്ട് ഉയർത്തി മെറ്റൽ നിരത്തിയെങ്കിലും ടാർ ചെയ്യാതിരുന്നതിനാൽ കുഴികളും രൂപപ്പെട്ടിരുന്നു. ഇതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കേരളകൗമുദി വാർത്ത നൽകിയത്.