ഞാൻ ശിവഭക്തൻ, അധിക്ഷേപം വിഴുങ്ങും: പ്രധാനമന്ത്രി

Monday 15 September 2025 12:41 AM IST

ന്യൂഡൽഹി: ശിവഭക്തനായതിനാൽ തനിക്കെതിരെ വരുന്ന അധിക്ഷേപങ്ങൾ വിഴുങ്ങുമെന്നും മറ്റുള്ളവരെ അപമാനിക്കാൻ ശ്രമിച്ചാൽ വെടുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദരാങ്ങിൽ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു.

അന്തരിച്ച അമ്മ ഹീരാബെൻ മോദിയെയും തന്നെയും ലക്ഷ്യമിട്ട് കോൺഗ്രസ് എഐ വീഡിയോ പുറത്തിറക്കിയ സംഭവവും അസമിൽ നിന്നുള്ള ഇതിഹാസ ഗായകൻ അന്തരിച്ച ഭൂപെൻ ഹസാരികയെ ഭാരതരത്നം നൽകി ആദരിക്കാൻ തീരുമാനിച്ചതിനെ കോൺഗ്രസ് എതിർത്തതും ചേർത്താണ് മോദിയുടെ പ്രസ്‌താവന.

കോൺഗ്രസ് എന്നെ ലക്ഷ്യമിടുകയാണ്. മോദി വീണ്ടും കരയുകയാണെന്ന് പറയും. എന്റെ ദൈവമായ ജനങ്ങളുടെ മുന്നിൽ അല്ലാതെ മറ്റെവിടെയാണ് വേദന പ്രകടിപ്പിക്കുക. അവർ എന്റെ യജമാനന്മാരാണ്, എന്റെ ദൈവങ്ങളാണ്, എന്റെ റിമോട്ട് കൺട്രോളാണ്. എനിക്ക് മറ്റ് റിമോട്ട് കൺട്രോളുകളൊന്നുമില്ല.

ബിഹാറിലെ എസ്.ഐ.ആർ നടപടി രാജ്യവ്യാപകമാക്കാനുള്ള ഇലക്ഷൻ കമ്മിഷൻ തീരുമാനത്തെയും ന്യായീകരിച്ചു. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യൻ മണ്ണിൽ നിന്ന് അവരെ പൂർണ്ണമായും നീക്കം ചെയ്യുകയുമാണ് ലക്ഷ്യം. വോട്ട്ബാങ്കിനായി കോൺഗ്രസ് നുഴഞ്ഞുകയറ്റത്തെ പ്രോത്‌സാഹിപ്പിച്ചു. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന്റെ വിഭവങ്ങളുടെയും ആസ്തികളുടെയും നിയന്ത്രണം പിടിച്ചെടുക്കാൻ അനുവദിക്കില്ല. നുഴഞ്ഞുകയറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ രാജ്യവ്യാപകമായി ഡെമോഗ്രഫി മിഷൻ ആരംഭിക്കും.

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം വടക്കുകിഴക്കൻ ജനതയുടെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞു. കോൺഗ്രസിന്റെ പുതിയ തലമുറ ആ മുറിവുകളിൽ ഉപ്പ് വിതറുകയാണ്. കോൺഗ്രസ് ഭരണകാലത്ത് ഭീകരതയ്‌ക്കെതിരെ മൗനം പാലിച്ചെങ്കിൽ ഇപ്പോൾ, സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തുന്നു, പാകിസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നും ഭീകരതയെ പിഴുതെറിയുന്നു. പാകിസ്ഥാന്റെ നുണകൾ കോൺഗ്രസിന്റെ അജണ്ടയായി മാറുന്നു. അതുകൊണ്ട് കോൺഗ്രസിനെ സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.