ഈ വർഷം 4200 ഡെങ്കിപ്പനി കേസുകൾ,​ ഹോട്ട്സ്പോട്ടായി കണ്ണൂർ നഗരം

Monday 15 September 2025 12:22 AM IST

കണ്ണൂർ: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 4200 ഡങ്കിപ്പനി കേസുകൾ. ജില്ലയിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ കണക്കാണിത്. നാലു പേർ ഇതിനോടകം മരിക്കുകയും ചെയ്തു. നിലവിൽ കണ്ണൂർ നഗരം ഡങ്കിപ്പനിയുടെ ഹോട്ട്സ്പോട്ടാണ്.

കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ മലയോര മേഖലകളിൽ വ്യാപകമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടലുകൾക്കൊടുവിൽ അത് നിയന്ത്രണ വിധേയമായപ്പോഴാണ് കണ്ണൂ‌ർ നഗരത്തിലുൾപ്പെടെ അസുഖം വ്യാപിക്കുന്നത്. തളിപ്പറമ്പിലും രോഗം വ്യാപിച്ചിരുന്നു. ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ഫ്ളാറ്റുകളിലും അകത്ത് വച്ചിട്ടുള്ള ചെടിച്ചട്ടികളും മറ്റും വ്യാപനം കൂടാനുള്ള കാരണമായി കണക്കാക്കുന്നുണ്ട്. ഇവയാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രമെന്നാണ് നിഗമനം. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ ഫോഗിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അകത്ത് വച്ചിട്ടുള്ള ചെടിച്ചട്ടികൾ നീക്കാനും നിർദ്ദേശമുണ്ട്. ഇതിനുപുറമെ നഗരത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കാനും മാലിന്യം കെട്ടികിടക്കാതെ നോക്കാനുമുള്ള നിർദ്ദേശവുമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫോഗിംഗ് ചെയ്യുന്നുണ്ട്.

ഓഫീസുകളിൽ ആശങ്ക

ജനങ്ങൾ ഏറെ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, താലൂക്ക് ഓഫീസ്, കെ.ടി‌.ഡി.സി എന്നിവടങ്ങളിലെല്ലാം കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജീവനക്കാരിലും സന്ദർശകരിലും ആശങ്ക ഏറിയിട്ടുണ്ട്.

മലയോര മേഖലകളിലും തോട്ടം മേഖലകളിലും കൊതകിന്റെ സാന്നിദ്ധ്യം കൂടുതലായിരുന്നു. ഇതാണ് മുൻ വർഷങ്ങളിലും കഴിഞ്ഞ മാസങ്ങളിലും ഇവിടങ്ങളിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യാൻ കാരണം. എന്നാൽ നഗരം ഹോട്ട്സ്പോട്ടായതിന്റെ ആശങ്ക അധികൃതരും പങ്കുവയ്ക്കുന്നുണ്ട്. പല പ്രദേശത്തു നിന്നും ജനങ്ങൾ നഗരത്തിലെത്തുന്നതിനാൽ രോഗം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പും.

ഏസിമുതൽ ഫ്രിഡ്ജുവരെ

ഏസിയിൽ നിന്നും വെള്ളം വീഴുന്ന സൺഷെയ്ഡുകളും ഫ്രിഡ്ജിലെ ട്രേയും എല്ലാം കൊതുകിന്റെ വ്യാപനത്തിന് ഇടയാക്കുന്നു എന്നാണ് അധികൃതർ പറയുന്നത്. റോഡരികിൽ വലിച്ചെറിയുന്ന കുപ്പികൾ, കപ്പുകൾ, കണ്ടെയിനറുകൾ എല്ലാം കൊതുകു വ്യാപനത്തിന് കാരണമാകുന്നു.

വീടുകളിൽ വേണം ജാഗ്രത

ഫ്രിഡ്ജിലെ വെള്ളം കെട്ടിനിൽക്കുന്ന ട്രേ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.

സൺഷെയ്ഡുകളിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം.

ഉപയോഗശൂന്യമായ ടയറുകൾ, ടാങ്കുകൾ, കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.

ആരോഗ്യ വകുപ്പ് വേണ്ട മുൻ കരുതലുകൾ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടേ സഹകരണം കൂടിയുണ്ടായാൽ മാത്രമേ രോഗവ്യാപനം പൂർണമായും തടയാനാകു. -ആരോഗ്യ വകുപ്പ്