കാലം കവർന്ന കൈതക്കാടുകൾ
മുഹമ്മ: ഗ്രാമങ്ങൾക്ക് പണ്ട് നല്ല കൈതപ്പൂവിന്റെ മണമായിരുന്നു. കൈതക്കാടുകൾ സർവ്വ സാധാരണമായിരുന്ന അക്കാലത്ത്, കുഞ്ഞുകൾക്കുള്ള പായയിൽ തുടങ്ങി
അവസാനം ചിത ചേർത്തുപിടിക്കുന്നതുവരെ ജീവിതത്തിന്റെ അഭിഭാജ്യ ഘടകമായി കൈതച്ചെടികൾ നിലകൊണ്ടു. സ്ത്രീകൾ കൈതോല ചെത്തി മാടി വെയിലിൽ ഉണക്കി പായകൾ നെയ്തു. തച്ചുപായ,മെത്തപായ,ഉണക്കപായ, തൂത പായ എന്നിവ മാത്രമല്ല, വട്ടിയും കുട്ടയുവരെ കൈതോല കൊണ്ട് നിർമ്മിച്ച് അവർ കുടുംബം പോറ്റി.
കൈതവേര് കൊണ്ട് ചൂലുകൾ ഉണ്ടാക്കി വിറ്റ് പാവങ്ങൾ പലരും ജീവിതം തരികെപിടിച്ചു.പായകൾ ചുരുളുകളാക്കി ചുമന്നും കൈത ചൂലുകൾ വീടുകൾ തോറും കൊണ്ടുനടന്ന് വിൽക്കുന്നവരും അന്ന് ഗ്രാമത്തിന്റെ തനത് കാഴ്ചകളായിരുന്നു.
ആലപ്പുഴ ജില്ലയിലെ കലവൂരും കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തിലെ ഉല്ലലയും പായ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. നവവധുവിന് പായ നെയ്ത്ത് അറിയാമെങ്കിൽ അത് വലിയ യോഗ്യതയായി കണ്ടിരുന്ന കാലം കൂടിയായിരുന്നുഅത്.
കൈതോല ഓലപ്പടക്ക നിർമ്മാണത്തിന് ധാരാളമായി ഉപയോഗിച്ചിരുന്നു. ഇന്നും അതിന് ഉപയോഗിക്കുന്നുണ്ട്.
പഴുത്ത കൈതച്ചക്കയുടെ സുഗന്ധം ഒന്നുവേറെ തന്നെയായിരുന്നു. കൈതച്ചക്ക
തിന്നാൻ കാക്കയും ഉപ്പനും മത്സരിച്ചിരുന്നു. ചില രാജ്യങ്ങളിൽ സുഗന്ധ വസ്തുവായും മരുന്നിനായും കൈതച്ചക്ക ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
പാവങ്ങൾ നാലുകാൽ ഓലപ്പുര കെട്ടാനും കച്ചിത്തുറു ഇടുന്നതിനും കൈതക്കാലുകൾ ഉപയോഗിച്ചിരുന്നു.പിന്നീട് കുട്ടികൾ വോളിബാൾ കോർട്ട് നിർമ്മിച്ചിരുന്നതും കൈകക്കാലുകൾ കൊണ്ടുതന്നെയായിരുന്നു. അങ്ങനെ കൈതച്ചെടി ജീവിതത്തിന്റെ ഭാഗമായതോടെ കൈതത്തിൽ, കൈതവളപ്പിൽ, കൈതക്കുഴി, കൈതക്കാട് എന്നിങ്ങനെ വീടിന്റെ അടയാളപ്പെടുത്തലുകളായി.
കൈതപായക്ക് ആവശ്യക്കാരില്ല
കൈതകൾ ഭൂമിയിൽ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും വെള്ളക്കെട്ടിലെ മത്സ്യപ്രജനനത്തിനും സഹായകമാണ്. എന്നാൽ, വിശാലമായ പുരയിടങ്ങളും ചതുപ്പുകളും കുറഞ്ഞതോടെ കൈതക്കാടുകൾ ഇല്ലാതായി. പുത്തൻ ബെഡുകൾ വിപണി കൈയടക്കിയതോടെ കൈത പായകൾക്ക് ആവശ്യക്കാർ ഇല്ലാതായി. അവശേഷിക്കുന്ന കൈതകളെ പ്രയോജനപ്പെടുത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പഞ്ഞി നിറച്ച മെത്തപ്പായകളും കരകൗശല വസ്തുക്കളും നിർമ്മിക്കാനായാൽ വലിയ വിപണന, തൊഴിൽ സാദ്ധ്യതകൾക്ക് കളമൊരുക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധാഭിപ്രായം. കൈതകൾ പല തരത്തിലുണ്ട്. എന്നാൽ, എട്ടുവരി മുള്ളുള്ള കൈകൾക്ക് ഒരുദിവ്യപരിവേഷം വിശ്വാസികൾ നൽകുന്നുണ്ട്.