രുചിപ്പെരുമയുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് തുറന്നു

Monday 15 September 2025 1:57 AM IST

ആലപ്പുഴ: രുചി വൈവിദ്ധ്യമൊരുക്കി ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം.സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജംഗ്ഷനിൽ പെനിയേൽ ബിൽഡിംഗിൽ ആരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം.

കേരളത്തിന്റെ തനത് വിഭവങ്ങളെ കൂടാതെ ചൈനീസ്, അറബിക്, ഉത്തരേന്ത്യൻ ഭക്ഷണങ്ങളും ലഘുപാനീയങ്ങളും ഇവിടെ ലഭ്യമാകും. സ്വാദിഷ്ടമായതും മായം കലരാത്തതുമായ ഭക്ഷണമാണ് ഇതിലൂടെ ഉറപ്പ് നൽകുന്നത്. സംസ്ഥാനത്ത് കഫേ കുടുംബശ്രീയുടെ 10 ശാഖകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ചടങ്ങിൽ ജില്ല പഞ്ചായത്തംഗം വത്സല മോഹൻ അദ്ധ്യക്ഷയായി.ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, ഉപാധ്യക്ഷൻ കെ.ഷിബു രാജൻ, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എസ്.രഞ്ജിത്ത്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ശശികുമാർ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രശാന്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ ആദ്യ ശാഖ

മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലയിലെ ആദ്യ പ്രീമിയം റസ്റ്റോറന്റ് ശാഖ ചെങ്ങന്നൂരിൽ ആരംഭിച്ചത്. കുടുംബശ്രീയുടെ നാനോ മാർക്കറ്റും ഇതോടൊപ്പം സജ്ജീകരിക്കും. കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇതിലൂടെ വാങ്ങാനാകും. 3,200 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർണ്ണമായി ശീതീകരിച്ച ഭക്ഷണശാലയോടനുബന്ധിച്ച് വിശാലമായ പാർക്കിംഗ് സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. 78 ലക്ഷം രൂപ ചെലവ് വരുന്ന സംരംഭത്തിന് 19.5 ലക്ഷം രൂപ കുടുംബശ്രീ മിഷനാണ് നൽകുന്നത്. ബാക്കി തുക കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൾസൾട്ടന്റുമാരായ സന്തോഷ്, രഞ്ജു ആർ. കുറുപ്പ് എന്നീ സംരംഭകരാണ് ചെലവഴിക്കുന്നത്. പ്രതിദിനം 50,000 രൂപയ്ക്ക് മുകളിലാണ് വരുമാനം പ്രതീക്ഷിക്കുന്നത്.