ഹോപ്പിന്റെ തണലിൽ രാധികയ്ക്ക് പുതുജീവിതം
കണ്ണൂർ: ഹോപ്പിന്റെ തണലിൽ പ്രജിലിന്റെ കൈപിടിച്ച് പുതുജീവിതത്തിലേക്ക് ചുവടുവെച്ച് രാധിക. പഴയങ്ങാടി നെരുവമ്പ്രം പട്ടാളക്കാരൻ വീട്ടിൽ പാചക തൊഴിലാളിയായ റാണി മേരിയുടെയും ലോട്ടറി കച്ചവടക്കാരനായ ശേഖരന്റെയും മൂന്നു മക്കളിൽ മൂത്തവളാണ് രാധിക. ജനിക്കുമ്പോൾ തന്നെ രാധികയുടെ വലതുകാലിന്റെ മുട്ടിനു താഴെ വളർച്ചയില്ലാത്ത നിലയിലായിരുന്നു. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട, സ്വന്തമായി വീടുപോലും ഇല്ലാതിരുന്ന രാധികയുടെ കുടുംബത്തിനു മുന്നിൽ മകളുടെ ചികിത്സയും വിദ്യാഭ്യാസവും വെല്ലുവിളിയായിരുന്നു. കുഞ്ഞായിരുന്നപ്പോൾ അമ്മയെടുത്ത് സ്കൂളിൽ എത്തിച്ച് വൈകിട്ട് മടക്കി കൊണ്ടുപോവുകയായിരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിലാത്തറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വഴി വലതു കാൽമുട്ടിന് താഴെയുള്ള പ്രൊജക്ഷൻ ഓപ്പറേഷനിലൂടെ നീക്കം ചെയ്ത് കൃത്രിമക്കാൽ വെച്ച് പിടിപ്പിച്ചു. അങ്ങനെ സ്വന്തം കാലിൽ പിച്ചവയ്ക്കാൻ ആരംഭിച്ച രാധികയ്ക്ക് വളർച്ചയുടെ ഓരോ വർഷങ്ങളിലും ഹോപ്പ് വെച്ച് നൽകിയ കൃത്രിമ കാലുകളിലൂന്നി വിദ്യാഭ്യാസവും ഇഷ്ടമേഖലയായ നൃത്ത പഠനവും തുടർന്നു. സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം മാടായി സ്കൂളിലും തുടർന്ന് ഡിഗ്രി പഠനം മാടായി കോളേജിലും പൂർത്തിയാക്കി. ഒപ്പം കമ്പ്യൂട്ടർ ഡാറ്റാ എൻട്രിയിൽ പരിശീലനവും നേടി.
ഒരു ജോലി സ്വന്തമാക്കുക എന്ന ആഗ്രഹവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ബാല്യകാല സുഹൃത്തും സമീപവാസിയുമായ പ്രജിൽ രാധികയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ഇവരുടെയും വിവാഹം ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ ശേഖരന്റെ മരണം. അവിടെയും രാധികയ്ക്ക് ആശ്വാസമായി ഒപ്പം നിന്നത് പ്രജിലും കുടുംബവുമായിരുന്നു. പിലാത്തറ ഹോപ്പിൽ വച്ച് ഇന്നലെ രാവിലെ 11.30നും 12.30നും ഇടയിലെ മുഹൂർത്തത്തിലായിരുന്നു ഇരുവരുടേയും വിവാഹം.