ഓടക്കുഴലേന്തി മയിൽപ്പീലി ചൂടി,​ നഗരത്തെ ഇളക്കിമറിച്ച് ഉണ്ണിക്കണ്ണന്മാർ

Monday 15 September 2025 1:36 AM IST

തിരുവനന്തപുരം: ഓടക്കുഴലേന്തിയും മയിൽപ്പീലി ചൂടിയും കുസൃതി കാട്ടിയും ഓടിക്കളിച്ച ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നഗരത്തെ അമ്പാടിയാക്കി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.

കൃഷ്ണകഥയിലെ അവിസ്മരണീയ മുഹൂർത്തങ്ങളെല്ലാം ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. വാദ്യമേളവും മുത്തുക്കുടകളും ഭജനസംഘങ്ങളും അകമ്പടിയൊരുക്കി. വൈകിട്ട് മൂന്നിന് 10 കേന്ദ്രങ്ങളിൽ നിന്നും ചെറു ശോഭായാത്രകൾ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെത്തി സംഗമിച്ച് മഹാശോഭായാത്രയായി ആറോടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിൽ മഹാ ആരതി സമർപ്പിച്ച് അവസാനിച്ചു.

തുടർന്ന് ആറ്റുകാൽ ദേവീ ക്ഷേത്രട്രസ്റ്റ് ഒരുക്കിയ അവൽപ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ഉണ്ണിക്കണ്ണന്മാർക്കും ഗോപികമാർക്കും വിതരണം ചെയ്തു. സംഗമ ശോഭായാത്ര അശ്വതി തിരുനാൾ ഗൗരി ലക്ഷിബായി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജനറൽ സെക്രട്ടറി ആർ.പ്രസന്നകുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി.

മഹാനഗർ രക്ഷാധികാരി പ്രൊഫ.ടി.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. ജില്ലയിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം വൻതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

പരിമിതികൾ മറന്ന് അവരുമെത്തി

ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ അറുപതോളം പേരാണ് ശോഭായാത്രയിൽ പങ്കെടുത്തത്. അതിൽ അഞ്ചുപേർ വീൽച്ചെയറിലാണ് പങ്കെടുത്തത്.