പാർക്കിംഗിന് ഇടമില്ലാതെ മെഡിക്കൽ കോളേജ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നവർ വാഹനം പാർക്ക് ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നു. തിരക്കേറിയ മെയിൻ റോഡിന്റെ വശങ്ങളിൽ വരെ പാർക്ക് ചെയ്യേണ്ട അവസ്ഥയിലാണ് സന്ദർശകരും രോഗികളും. ഇക്കാരണത്താൽ ഒ.പിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികളും ഒപ്പമുള്ളവരുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്.വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം നോക്കി നടക്കുമ്പോൾ ഒ.പി ടിക്കറ്റെടുക്കാനുള്ള സീനിയോറിട്ടി നഷ്ടപ്പെടുന്നു. ഇതിനാൽ മണിക്കൂറുകളോളം ക്യൂ നിൽക്കണം. ഇങ്ങനെ നേരം വൈകുന്നതിനാൽ പരിശോധന കഴിഞ്ഞ ശേഷം ഡോക്ടർമാർ നിർദ്ദേശിക്കുന്ന രക്തപരിശോധന, എക്സറേ അടക്കമുള്ള ടെസ്റ്റുകൾ നടത്തി റിസൾട്ടുമായി തിരികെ എത്തുമ്പോഴേക്കും ഒ.പി സമയം കഴിയും. രക്തം ദാനം ചെയ്യാൻ വരുന്നവരും അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരുന്ന രോഗികൾക്കൊപ്പമെത്തുന്നവർക്കും വാഹനം പാർക്ക് ചെയ്തശേഷം ആശുപത്രിയിൽ സമയത്തിനെത്താൻ കഴിയാത്ത സ്ഥിതിയാണ്.
അധികൃതരുടെ അനാസ്ഥ
ഓരോ ദിവസവും കുറഞ്ഞത് 12,000ത്തിലധികം പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. ഒ.പി.യിൽ മാത്രം 3000-4000 പേർ വരുമെന്നാണ് കണക്ക്. ഭൂരിപക്ഷം പേരും സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്. ഇതിനുപുറമെയാണ് ആംബുലൻസുകളും ജീവനക്കാരുടെ വാഹനങ്ങളും. നിലവിൽ 1000 ബൈക്കുകൾക്ക് പോലും പാർക്ക് ചെയ്യാൻ സ്ഥലസൗകര്യം ഇവിടെയില്ല. ഇത്രയധികമാളുകൾ എത്തുന്നുണ്ടെങ്കിലും പാർക്കിംഗ് സംവിധാനം ഒരുക്കാൻ അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
പാർക്കിംഗിനായി
സ്ഥലം കണ്ടെത്തണം
കോർപ്പറേഷന്റെ ചുമതലയിൽ ഒരുങ്ങുന്ന മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണെങ്കിലും അതുകൊണ്ട് മാത്രം പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. പാർക്കിംഗിനായി വേറെ സ്ഥലം കണ്ടെത്തി സംവിധാനം ഒരുക്കിയാൽ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകൂ. ആശുപത്രി വികസന സമിതി, കോർപ്പറേഷൻ, ആരോഗ്യവകുപ്പ് തുടങ്ങിയവ ഇടപെട്ട് ഇക്കാര്യത്തിൽ ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും കൂടുതൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കണമെന്നുമാണ് ആശുപത്രിയെ ആശ്രയിക്കുന്നവർ ആവശ്യപ്പെടുന്നത്.