വൃദ്ധൻ കാറിടിച്ച് മരിച്ച സംഭവം: വാഹനം ഓടിച്ചത് പാറശാല എസ്.എച്ച്.ഒ തന്നെ

Monday 15 September 2025 2:20 AM IST

കിളിമാനൂർ: വൃദ്ധന്റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് പാറശാല എസ്.എച്ച്.ഒ പി.അനിൽകുമാർ തന്നെയാണെന്ന് പൊലീസിന്റെ സ്ഥിരീകരണം. ലഭിച്ച ദൃശ്യങ്ങളിൽ ഓടിച്ചിരുന്നത് അനിൽകുമാറാണെന്നാണ് കണ്ടെത്തൽ. കിളിമാനൂർ ചിറ്റിലഴികം ചേണിക്കുഴി മേലേവിളകുന്നിൽ വീട്ടിൽ രാജനാണ് (59) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.

ഇതോടെ അനിൽകുമാറിനെതിരെ നടപടി വേണമെന്ന് റൂറൽ എസ്.പി എസ്.സുദർശൻ ഡി.ഐ.ജി അജിതാ ബീഗത്തിന് റിപ്പോർട്ട് സമർപ്പിച്ചു. സി.ഐയുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തൽ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തേക്കും.

ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ വിട്ട് അനിൽകുമാർ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടമുണ്ടായിട്ടും നിറുത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്റെ കാർ പൊലീസ് കസ്റ്റഡിയിലാണ്.കേസ അന്വേഷണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലായിരുന്നു അനിൽകുമാർ ഇന്നലെ തിരിച്ചെത്തിയെങ്കിലും ജോലിയിൽ പ്രവേശിച്ചിട്ടില്ല.

ഇന്ന് ഹാജരാകാൻ അനിൽകുമാറിന് നോട്ടീസ് നൽകിയിട്ടുണ്ട്.അനിൽകുമാറിനെ ഫോണിൽ ബന്ധപ്പെടാനായിട്ടില്ലെന്ന് കിളിമാനൂർ സി.ഐ ബി.ജയൻ പറഞ്ഞു. ഇടിച്ചത് അറിഞ്ഞിട്ടും കാർ നിറുത്താതെ പോവുകയായിരുന്നു. രാജൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശേഷം കാർ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഡിവൈ.എസ്.പി തലത്തിലാണ് അന്വേഷണം. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂർ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. വാഹനമിടിച്ച ശേഷം രാജൻ ഏറെ നേരം റോഡിൽ ചോരവാർന്ന് കിടന്നിരുന്നു. കിളിമാനൂർ റ്റേഷന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളിൽ കാറിന്റെ നമ്പർ ദൃശ്യമായിരുന്നില്ല. തുടർന്ന് തിരുവല്ലം ടോൾ പ്ലാസയിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് സി.ഐയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്.