സ്റ്റാലിനെ പുകഴ്ത്തി രജനികാന്ത്
ചെന്നൈ: സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സൂപ്പർസ്റ്റാർ സൂപ്പർതാരം രജനീകാന്തിന്റെ പ്രശംസ. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ വെല്ലുവിളിക്കുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്ന് രജനി പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങിയ നടൻ വിജയ് ആദ്യ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ച അതേ ദിവസമാണ് പ്രശംസ. പഴയ എതിരാളികൾക്കും പുതിയ എതിരാളികൾക്കും സ്റ്റാലിൻ വെല്ലുവിളിയൊണെന്നും എല്ലാവരോടും വരൂ, 2026ൽ കാണാം എന്ന് ചിരിച്ചുകൊണ്ടു പറയുന്ന സ്റ്റാലിൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്നുമാണ് രജനികാന്ത് പറഞ്ഞത്. ബി.ജെ.പി അനുഭാവിയെന്ന് അറിയപ്പെടുന്ന രജനികാന്തിന്റെ ഈ പ്രശംസ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ചു.
നടനും രാജ്യസഭാ എം.പിയുമായ കമൽഹാസനെ വേദിയിലിരുത്തിയായിരുന്നു രജനീകാന്തിന്റെ വാക്കുകൾ. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഇളയരാജ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.