അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാൻ ആവശ്യം, മണിപ്പൂരിൽ പ്രതിഷേധക്കാരും സൈന്യവും ഏറ്റുമുട്ടി
ന്യൂഡൽഹി: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോമി ഗോത്ര വിഭാഗത്തിലെ ഒരു സംഘം നടത്തിയ പ്രതിഷേധം സംഘർഷത്തിലെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ, പൊലീസിനും കേന്ദ്ര സേനയ്ക്കും നേരെ കല്ലെറിഞ്ഞു. തുടർന്ന് സുരക്ഷാസേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മൂന്നോളം വ്യത്യസ്ത സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. രണ്ട് പേരെ പൊലീസ് വിട്ടയച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബാനറുകളും കട്ടൗട്ടുകളുമാണ് നശിപ്പിക്കപ്പെട്ട സംഭവത്തിലാണ് അറസ്റ്റുണ്ടായത്.
പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് പുതിയ സംഘർഷമുണ്ടായത്. മൂന്ന് ദിവസത്തിനുള്ളിൽ ചുരാചന്ദ്പൂരിലുണ്ടാകുന്ന രണ്ടാമത്തെ സംഘർഷമാണിത്.
2023 മേയ് മാസത്തിൽ കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി മണിപ്പൂരിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം സംസ്ഥാനത്ത് സമാധാനത്തിന്റെ പാത തുറക്കാൻ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.
ബാനറുകൾ
നശിപ്പിച്ചു
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് പിയേഴ്സൺമൺ, ഫൈലിയൻ ബസാർ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാൽ, രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു.
നിവേദനം നൽകി
താഴ്‌വരയ്ക്കും കുന്നുകൾക്കും ഇടയിലെ അകൽച്ച കുറയ്ക്കണമെന്നും പരസ്പര വിശ്വാസം വളർത്തണമെന്നും വെള്ളിയാഴ്ച മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ക്യാമ്പുകളിൽ കഴിയുന്ന കുക്കി, മെയ്തെയ് വിഭാഗങ്ങളിൽപെട്ടവരെ പ്രധാനമന്ത്രി കണ്ടു. എന്നാൽ അടുക്കാനാകാത്ത വിധത്തിലാണ് ഭിന്നതയെന്നും അതിനാൽ ഒറ്റ സംസ്ഥാനമായി നിൽക്കാനാകില്ലെന്നുമാണ് ഏഴ് ബി.ജെ.പി എം.എൽ.എമാരടങ്ങുന്ന കുക്കി നേതാക്കൾ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയത്. പ്രത്യേക കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. തങ്ങൾ നേരിടുന്നത് വംശീയ പീഡനമാണെന്നും സംസ്ഥാനത്ത് രാഷ്ട്രീയ ഒത്തുതീർപ്പുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണമെന്നും കുക്കി നേതാക്കൾ ആവശ്യപ്പെട്ടു. കുക്കികൾക്കും മെയ്തെയ്കൾക്കും നല്ല അയൽക്കാരായി സമാധാനത്തിൽ കഴിയാനാകുമെന്നും പക്ഷേ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അത് സാദ്ധ്യമല്ലെന്നും അവർ വ്യക്തമാക്കുന്നു. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എന്ന് മടങ്ങാനാകുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകാനായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ചില പദ്ധതികൾക്ക് തുടക്കമിട്ടെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മോദിക്കായില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ് പറഞ്ഞു. മോദിയുടെ സന്ദർശനത്തിന് ശേഷമുള്ള തുടർനടപടികൾ ഗവർണ്ണർ അജയ്കുമാർ ഭല്ല വൈകാതെ തുടങ്ങുമെന്നാണ് സൂചന.