'ഇത്തിരി വൈകിപ്പോയി ബച്ചണ്ണാ', വൈകി വന്ന ഓണാശംസയ്ക്ക് ബച്ചന് ട്രോൾ
മുംബയ്: 'ഇത്തിരി വൈകിപ്പോയി ബച്ചണ്ണാ.. ഇനി അടുത്ത വർഷം വാ" ഓണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷം ആശംസയറിയിച്ച അമിതാഭ് ബച്ചനെ ട്രോളി മലയാളികൾ. അബദ്ധം തിരിച്ചറിഞ്ഞതോടെ ബച്ചൻ പിന്നീട് ഖേദപ്രകടനം നടത്തി. ഇന്നലെ
കസവ് മുണ്ടും ഷർട്ടും വേഷ്ടിയും ധരിച്ച ചിത്രത്തിനൊപ്പം മലയാളത്തിലാണ് ബച്ചൻ സമൂഹ മാദ്ധ്യമത്തിൽ ആശംസ പങ്കുവച്ചത്. തിരിച്ച് ഓണാശംസ നേർന്ന ചിലർ കഴിഞ്ഞ വർഷം ഓണം സെപ്തംബർ 14ന് ആയിരുന്നെന്നും എന്നാൽ എല്ലാ തവണയും ഒരേ തീയതിയിൽ ആവില്ലെന്നും തിരുത്തി. എന്നാൽ 'ഓണം ഒക്കെ കഴിഞ്ഞു, ഇനി അടുത്ത വർഷം', 'ഇത്ര പെട്ടെന്ന് വേണോ, ഇനി ഒരുവർഷം കൂടിയുണ്ട് ഓണത്തിന്' എന്നുൾപ്പെടെ ചില ട്രോളുകളുമുണ്ടായി. നമ്മൾ മലയാളികൾക്ക് എപ്പോഴും ഓണമാണെന്നും നെഗറ്റീവ് കമന്റുകളെ അവഗണിക്കൂ എന്നും ചിലർ കമന്റിട്ടു. വൈകിയ ആശംസയ്ക്ക് കളിയാക്കലും ട്രോളും നിറഞ്ഞതോടെ വിശദീകരണവുമായി ബച്ചൻ തന്നെ രംഗത്തെത്തി. ഓണം കഴിഞ്ഞുപോയിരിക്കാം, തന്റെ സോഷ്യൽ മീഡിയ ഏജന്റിന് തെറ്റുപറ്റിയിരിക്കാം എന്ന കമന്റുകൾ കാണുന്നുണ്ടെന്ന് അമിതാഭ് ബച്ചൻ കുറിച്ചു. എന്നാൽ, ആഘോഷവേളകൾ എപ്പോഴും ആഘോഷം തന്നെയാണെന്നും ബച്ചൻ കുറിച്ചു.
ഞാൻ തന്നെയാണ് എന്റെ സാമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. അതിന് പ്രത്യേകം ഏജന്റ് ഇല്ല. ഞാൻ ക്ഷമ ചോദിക്കുന്നു' എന്നും വ്യക്തമാക്കി.