താലോലിച്ചു വളർത്തിയവൻ നെഞ്ച് കുത്തിപ്പിളർന്നു ഞെട്ടൽ മാറാതെ ഇടിഞ്ഞാർ ഗ്രാമം!

Monday 15 September 2025 3:04 AM IST

ഇടിഞ്ഞാർ: ഭർത്താവ് മരണപ്പെട്ട വസന്തയുടെയും രണ്ട് കൈക്കുഞ്ഞുങ്ങളുടെയും സംരക്ഷണം മുപ്പത് വർഷം മുമ്പ് ഏറ്റെടുക്കുമ്പോൾ, ചുമട്ടുതൊഴിലാളിയായിരുന്ന രാജേന്ദ്രൻ കാണി നിനച്ചിരിക്കില്ല ചെറുകുട്ടിയുടെ കൈകൊണ്ടാവും തന്റെ അന്ത്യമെന്ന്. അവിവാഹിതനായ അയാൾ വസന്തയുടെ മക്കൾ മിനിയേയും വിനോദിനേയും സ്വന്തം മക്കളായി പോറ്റി വളർത്തി. ലോഡിംഗിന് പോയി കിട്ടുന്ന വേതനം പാഴാക്കാതെ ഒരുതുണ്ട് മണ്ണും കിടപ്പാടവും വസന്തയ്ക്കും മക്കൾക്കുമായി കരുതി. മകളുടെ മൂത്ത മകനാണ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സന്ദീപ്. കുട്ടിക്കാലം തൊട്ടേ അടിപിടി പതിവായ യുവാവ് വൈകാതെ പാലോട് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഇടം പിടിച്ചു. തിരുവനന്തപുരത്ത് വീട്ടുജോലിക്ക് പോവുകയാണ് സന്ദീപിന്റെ അമ്മ മിനി. സന്ദീപിന്റെ സഹോദരിയും അവിടെയൊരു തുണിക്കടയിൽ ജോലി ചെയ്യുന്നു. മിനിയുടെ സഹോദരൻ വിനോദും സ്ഥലത്തില്ല. സന്ദീപ് ഭാര്യയും കുഞ്ഞുമായി രാജേന്ദ്രനും വസന്തയ്ക്കുമൊപ്പം മൈലാടുംകുന്നിലെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടയിൽ നിരവധി അടിപിടി കേസുകളിൽ സന്ദീപ് പൊലീസ് പിടിയിലായിട്ടുണ്ട്. ബൈക്കിടിച്ച് വസന്ത മരിച്ചതോടെ രാജേന്ദ്രൻ വീടു വിട്ടിറങ്ങി. മങ്കയം ഇക്കോ ടൂറിസം സെന്ററിലെ നൈറ്റ് വാച്ചറായിരുന്ന രാജേന്ദ്രൻ നേരത്തെ ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി യൂണിറ്റ് അംഗവും ക്ഷേത്രോത്സവ നടത്തിപ്പ് ഉൾപ്പെടെയുള്ള പൊതുകാര്യങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു. വസന്തയുടെ അപകട ഇൻഷ്വറൻസുമായി ബന്ധപ്പെട്ട് ക്ലെയിം ചെയ്തതാണ് രാജേന്ദ്രനോടുള്ള പകയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. ഈറ്റത്തൊഴിലാളികളും ആദിവാസികളും തോട്ടം തൊഴിലാളി കുടുംബങ്ങളും കർഷകരും ഏറെ സൗഹാർദ്ദപൂർവം കഴിഞ്ഞുവരുന്ന പ്രദേശത്ത് ഇതാദ്യമാണ് കൊലക്കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.