അയ്യപ്പ സംഗമം തടയാൻ സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: സംസ്ഥാന സർക്കാർ സെപ്‌തംബർ 20ന് പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പരിപാടി രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ,ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് തിരുവനന്തപുരം സ്വദേശി ഡോ. പി.എസ് മഹേന്ദ്രകുമാർ സുപ്രീം കോടതിയെ സമീപിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയാണ് പരിപാടി നടത്തുന്നതെന്ന് അഡ്വ. വിഷ്‌ണുശങ്കർ മുഖേനെ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. ഇത് ശബരിമലയുടെ പവിത്രതയെ അപകടത്തിലാക്കുന്ന കീഴ് വഴക്കം സൃഷ്ടിക്കും. മതേതരത്വത്തെയും ഭക്തരുടെ അവകാശങ്ങളെയും ദുർബലപ്പെടുത്തും..ദേവസ്വം ബോർഡുകളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്‌ത് വിശ്വാസ തത്വങ്ങളിൽ വെള്ളം ചേർക്കാൻ വഴിയൊരുങ്ങും. ക്ഷേത്ര ഫണ്ട് വഴിമാറ്റി ചെലവഴിക്കാനും പുണ്യ തീർത്ഥാടനത്തിന്റെ വാണിജ്യവത്ക്കരണത്തിനും പമ്പയുടെ പരിസ്ഥിതി നാശത്തിനും ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.