നേപ്പാളിൽ മരണം 72 ആയി, ധനസഹായം പ്രഖ്യാപിച്ചു

Monday 15 September 2025 6:51 AM IST

കാഠ്മണ്ഡു: നേപ്പാളിലെ യുവജന (ജെൻ-സി) പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 72 ആയെന്ന് ആരോഗ്യ മന്ത്രാലയം. 2,113 പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകർ തീയിട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിത്തുടങ്ങിയെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തെരച്ചിൽ വ്യാപിപ്പിച്ചത്.

അതേസമയം, ഇടക്കാല പ്രധാനമന്ത്രി സുശീല കാർകി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ 'രക്തസാക്ഷി"കളായി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നേപ്പാളീസ് രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും സുശീല പറഞ്ഞു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ സുശീല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്നലെ ഔദ്യോഗികമായി ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രക്ഷോഭകർ തീയിട്ടിരുന്നു. അതിനാൽ നിലവിൽ തൊട്ടടുത്ത ആഭ്യന്തര മന്ത്രാലയത്തിന്റെ കെട്ടിടത്തിലാണ് സുശീലയുടെ ഓഫീസ്. സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും കഴിഞ്ഞ തിങ്കളാഴ്ചയാണ് നേപ്പാളിൽ യുവജന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവച്ചു. പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടു. 2026 മാർച്ച് 5ന് പൊതുതിരഞ്ഞെടുപ്പ് നടത്തും.

 സുപ്രീം കോടതി ടെന്റിൽ !

നേപ്പാളിൽ സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ ഇന്നലെ പുനരാരംഭിച്ചു. പ്രക്ഷോഭത്തിനിടെ കോടതിയുടെ പ്രധാന കെട്ടിടം തകർത്ത് തീയിട്ടിരുന്നു. അതിനാൽ, നിലവിൽ കോടതി പരിസരത്ത് ടെന്റുകൾ കെട്ടിയാണ് പ്രവർത്തനം. കേസ് വിവരങ്ങൾ, വാദം കേൾക്കൽ,​ പുനഃക്രമീകരണം, ഹർജികളുടെ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. വാദം കേൾക്കലുകൾ തുടങ്ങിയിട്ടില്ല.