ഹമാസ് നേതാക്കളെ പുറത്താക്കണം: ഖത്തറിനോട് നെതന്യാഹു
ദോഹ: ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഖത്തറിനോട് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തറിൽ കഴിയുന്ന ഹമാസ് നേതാക്കളെ പുറത്താക്കാനോ വിചാരണ ചെയ്യാനോ തയ്യാറാകണമെന്നും, ഗാസ യുദ്ധം അവസാനിക്കാൻ ഇത് വഴിയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. വിഷയം പരിഹരിച്ചില്ലെങ്കിൽ തുടർ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച വടക്കൻ ദോഹയിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി തീരുമാനിക്കാനായി ഖത്തർ വിളിച്ച അടിയന്തര അറബ് - ഇസ്ലാമിക് ഉച്ചകോടി ഇന്നലെ ദോഹയിൽ തുടങ്ങിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
കർശന മറുപടി നൽകും: ഖത്തർ
അറബ് ലീഗ്, ഇസ്ലാമിക് സഹകരണ സംഘടന (ഒ.ഐ.സി) രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്നലെ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി യോഗത്തിൽ ഇസ്രയേലിനെ ശക്തമായി അപലപിച്ചു.
ഇസ്രയേലിന് കർശന മറുപടി നൽകുമെന്ന് പറഞ്ഞ അദ്ദേഹം, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഉപേക്ഷിച്ച് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്കെതിരെ രംഗത്തെത്തണമെന്ന് ആഹ്വാനം ചെയ്തു. ഇസ്രയേൽ ആക്രമണം മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പ്രകോപനമാണെന്ന് ഉച്ചകോടിയുടെ കരട് പ്രമേയത്തിൽ പറയുന്നു. ഇന്നാണ് ഉച്ചകോടിയിൽ രാഷ്ട്രത്തലവൻമാരുടെ നിർണായക ചർച്ച.
റൂബിയോ ഇസ്രയേലിൽ
ഗാസയിൽ ആക്രമണം രൂക്ഷമായി തുടരവെ, ഇസ്രയേൽ സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. ദോഹ ആക്രമണത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിനെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് റൂബിയോയുടെ സന്ദർശനം. യു.എസ്-ഇസ്രയേൽ ബന്ധം മുൻപത്തേക്കാളും ശക്തമാണെന്ന് നെതന്യാഹു പറഞ്ഞു. ഇന്നലെ മാത്രം 50ലേറെ പേർ ഗാസയിൽ കൊല്ലപ്പെട്ടു. ആകെ മരണം 64,870 കടന്നു.