കോയിപ്രം സൈക്കോ മോഡൽ മർദ്ദനം: സഹകരിക്കാതെ പ്രതികൾ, കൂടുതൽ പേർ അതിക്രമത്തിനിരയായെന്ന് സൂചന

Monday 15 September 2025 7:28 AM IST

പത്തനംതിട്ട: കോയിപ്രത്ത് യുവാക്കൾക്ക് നേരെ ദമ്പതികൾ സൈക്കോ മോഡൽ അതിക്രമം നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് വിവരം. പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. എന്തിനാണ് പ്രതികൾ ഇത്തരത്തിൽ ആക്രമണം നടത്തിയതെന്ന് പൊലീസിന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ഇതിനായി ആക്രമണത്തിനിരയായ യുവാവിൽ നിന്നും വീണ്ടും മൊഴിയെടുക്കും.

പ്രതി രശ്‌മിയുടെ ഫോണിൽ നിന്നും അഞ്ച് വീ‌ഡിയോ ക്ളിപ്പുകളാണ് ലഭിച്ചത്. ഇതിൽ ആലപ്പുഴ സ്വദേശിയുമൊത്തുള്ള ദൃശ്യങ്ങളാണ്. റാന്നി സ്വദേശിയായ 29കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. കൂടുതൽ ഇരകൾക്ക് ഇത്തരം മർദ്ദനം ഏറ്റിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. രണ്ടുപേരുടെ കൂടി ദൃശ്യങ്ങൾ ഫോണിലുണ്ടെന്നാണ് സൂചന. ഇതടക്കം വിവരങ്ങൾക്കായി ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡർ തുറക്കാൻ ശ്രമമുണ്ട്.

രണ്ട് യുവാക്കളെ ഹണിട്രാപ്പെന്ന് വരുത്തിതീർക്കാൻ വിളിച്ചുവരുത്തി കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവർ ചേർന്ന് ‌ക്രൂര മർദ്ദനമടക്കം നടത്തിയ സംഭവം പുറത്തറിഞ്ഞത് കഴിഞ്ഞദിവസമാണ്. ഇന്നലെ ഇവർ അറസ്റ്റിലായി. ഈമാസം ഒന്നിന് ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരനും അഞ്ചിന് റാന്നി അത്തിക്കയം സ്വദേശിയായ 29കാരനും ഇവരുടെ കെണിയിൽ വീഴുകയായിരുന്നു.

ജയേഷിന്റെ ബംഗളൂരുവിലെ പണിസ്ഥലത്തെ സഹപ്രവർത്തകരായിരുന്നു ഇരുവരും. ജയേഷ് നാട്ടിൽ വന്നപ്പോൾ ഇവർ ടെലഫോണിൽ വിളിച്ചിട്ടുകിട്ടാതെ വന്നപ്പോൾ രശ്മിയെ വിളിച്ചതോടെ തുടങ്ങിയതാണ് വഴിവിട്ട സൗഹൃദം.

മർദ്ദനത്തിനുശേഷം വഴിയിൽ ഉപേക്ഷിക്കപ്പെട്ട റാന്നി സ്വദേശി ചികിത്സ തേടിയ ആശുപത്രിയിൽ നിന്നാണ് സംഭവത്തെ‌ക്കുറിച്ച്‌ പൊലീസിനെ അറിയിച്ചത്. പൊലീസ് മൊഴിയെടുത്തപ്പോൾ കാമുകിയുടെ പിതാവും പ്രതിശ്രുത വരനും ചേർന്ന് മർദ്ദിച്ചെന്നാണ് വെളിപ്പെടുത്തിയത്. മൊഴികൾ വിലയിരുത്തിയ പൊലീസ് അതിലെ വൈരുദ്ധ്യത്തിൽ പിടിമുറുക്കി ചോദ്യം ചെയ്തപ്പോഴാണ് യുവദമ്പതികളുടെ ക്രൂരത വെളിപ്പെട്ടത്. പ്രതികളെ കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് പത്തൊൻപതുകാരനും ഇരയായെന്ന് വ്യക്തമായത്.