ജുവലറിയിലേക്ക് ആഭരണവുമായി പോയവരെ മുളക്‌പൊടിയെറിഞ്ഞ് ആക്രമിച്ചു, നഷ്‌ടമായത് 10 കോടിയുടെ സ്വർണം

Monday 15 September 2025 8:19 AM IST

ചെന്നൈ: ജുവലറികളിൽ നൽകാനുള്ള സ്വർണവുമായി യാത്രചെയ്‌ത സംഘത്തെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്. 1250 പവൻ വരുന്ന 10 കിലോയോളം സ്വർണാഭരണങ്ങളാണ് നഷ്‌ടമായത്. ഇതിന് 10 കോടിയോളം വിലവരും എന്നാണ് വിവരം.

പൊലീസ് നൽകുന്ന വിവരമനുസരിച്ച് സംഭവം ഇങ്ങനെ ചെന്നൈയിലെ സൗക്കർപേട്ടിലെ ജുവലറിയിൽ നിന്നും മാനേജരായ ഗുണവത് (26) അടക്കം മൂന്നുപേർ സ്വർണാഭരണങ്ങളുമായി കാറിൽ‌ ഡിണ്ടിഗലിലേക്ക് പോയി. കുറച്ച് സ്വർണം ഡിണ്ടിഗലിലെ ജുവലറിയിൽ നൽകിയ ശേഷം ഇവർ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്‌ക്കിടെ സമയപുരം എത്തിയപ്പോൾ വിശ്രമത്തിനായി വണ്ടി നിർത്തി. ഇതിനിടെ ഇവരെ പിന്തുടർന്നെത്തിയ മറ്റൊരു കാറിലുണ്ടായിരുന്ന നാലംഗ സംഘം മുളകുപൊടിയെറിഞ്ഞ് ഇവരെ ആക്രമിച്ച ശേഷം കോടികൾ വിലയുള്ള സ്വർണവുമായി മുങ്ങി.

ഗുണവതിന്റെയും സംഘത്തിന്റെയും കണ്ണിലേക്കാണ് മോഷ്‌ടാക്കൾ മുളകുപൊടിയെറിഞ്ഞത്. അതിനാൽ ഏറെനേരം ഇവർക്ക് കണ്ണുകാണാനായില്ല. പിന്നീട് ഗുണവത് സമയപുരം പൊലീസിൽ വിളിച്ച് സംഭവം അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ട്രിച്ചി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളെ അന്വേഷിക്കാനായി നിയമിച്ചു. അന്വേഷണം തുടങ്ങി. കൊള്ളസംഘം ചെന്നൈ മുതൽ ഇവരെ പിന്തുടർന്നിരുന്നോ അതോ ഡിണ്ടിഗലിന് ശേഷമാണോ ഇവർക്ക് പിന്നാലെ എത്തിയതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.