പ്രതിപക്ഷം സഭയിൽ തീയാകില്ല, തന്ത്രങ്ങളുടെ വീര്യം കുറയും; രാഹുലിന്റെ വരവിൽ ഒറ്റപ്പെട്ടത് വിഡി സതീശൻ?
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളെത്തുടർന്ന് വിവാദങ്ങളിൽ അകപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതോടെ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടായിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. രാഹുൽ നിയമസഭയിൽ എത്തിയാൽ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളുടെ വീര്യം കുറയ്ക്കുമെന്നതുകൊണ്ടാണ് വിഡി സതീശൻ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരുന്നത്.
ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ് കസ്റ്റഡി മർദ്ദനങ്ങൾ, അതിന്മേൽ മുഖ്യമന്ത്രി തുടരുന്ന മൗനം, തൃശൂരിലെ പാർട്ടി നേതാക്കൾക്കെതിരായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫോൺ സംഭാഷണം തുടങ്ങിയവ ഉന്നയിച്ച് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എന്നാൽ ഭരണപക്ഷത്തിന്റെ കയ്യിൽ അടിക്കാനുള്ള വടിയാണ് രാഹുൽ സഭയിൽ എത്തിയതോടെ നൽകിയത്.
രാഹുലിനെ സഭയിൽ എത്തിക്കുമെന്ന വാശിയിലായിരുന്നു പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പഴയ എ പക്ഷം. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, ഷാഫിപറമ്പിൽ എംപി, പിസി വിഷ്ണുനാഥ് എംഎൽഎ എന്നിവരും മുൻ കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസനും രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുലിന്റെ കാര്യങ്ങൾ പാർട്ടി നോക്കേണ്ടതില്ലെന്നും സഭയിൽ എത്തേണ്ട കാര്യം രാഹുലാണ് തീരുമാനിക്കേണ്ടതെന്നും മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇതിനനുസരിച്ച് രാഹുൽ സഭയിൽ എത്തിയതോടെ വിഡി സതീശൻ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
രാഹുലിനെതിരെ ആരോപണം ഉയർന്ന സമയത്ത് നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു. ആ നേതാക്കൾ എല്ലാം നിലപാട് മയപ്പെടുത്തിയെങ്കിലും വിഡി സതീശൻ പിന്നോട്ടുപോയില്ല. രാഹുൽ തങ്ങളുടെ ഭാഗമല്ലെന്നാണ് സതീശൻ പറഞ്ഞത്. തങ്ങളുടെ ബോദ്ധ്യത്തിൽ നിന്നാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഈ നിലപാട് പാർട്ടിയിലെ എല്ലാ നേതാക്കളും പിന്തുടർന്നിരുന്നെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും വലിയ നേട്ടം ലഭിച്ചേനെ. ഭരണപക്ഷത്ത് ലൈംഗിക ആരോപണം നേരിടുന്നവർ ഒരു കൂസലും ഇല്ലാതെ ഇരിക്കുമ്പോൾ കോൺഗ്രസ് ശക്തമായ നടപടി സ്വീകരിച്ചെന്ന വാദം പാർട്ടിക്ക് ഉയർത്താമായിരുന്നു. എന്നാൽ ഇന്ന് രാഹുൽ സഭയിൽ എത്തിയതോടെ ഈ നേട്ടങ്ങൾ എല്ലാം കാറ്റിൽപറക്കാൻ ഒരു കാരണമാകും.
നിയമസഭയിൽ വരരുതെന്ന് രാഹുലിനോട് പാർട്ടി നിർദ്ദേശിച്ചിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് സഭയിൽ എത്തിയത്. നിയമപരമായി സഭയിൽ പങ്കെടുക്കുന്നതിനും തടസമില്ല. ആരോപണങ്ങൾക്ക് ശേഷം അടൂരിലെ വീട്ടിലുണ്ടായിരുന്ന രാഹുൽ ഇതുവരെ പൊതുപരിപാടികളിൽ ഒന്നിലും പങ്കെടുത്തിരുന്നില്ല. നിയമസഭയിൽ എല്ലാ ദിവസവും പങ്കെടുക്കാനാണ് തീരുമാനം. ശേഷം മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം. വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല. അതേസമയം, ചില നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് രാഹുൽ നിയമസഭയിൽ എത്തിയതെന്നാണ് വിവരം. രാഹുലിനെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.