കത്തിപോലും വേണ്ട, നിമിഷങ്ങൾ കൊണ്ട് വെളുത്തുള്ളിയുടെ തൊലി കളയാം; സൂത്രം പങ്കുവച്ച് നടി
വെളുത്തുള്ളി ഒഴിച്ചുകൂടാനാകാത്ത നിരവധി വിഭവങ്ങളുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളും വെളുത്തുള്ളിയ്ക്കുണ്ട്. എന്നാൽ ഇവയുടെ തൊലി കളയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി കുറേ സമയവും പാഴാകുമെന്ന് അഭിപ്രായപ്പെടുന്ന നിരവധി പേരുണ്ട്. എന്നാൽ സെക്കന്റുകൾ കൊണ്ട് വെളുത്തുള്ളിയുടെ തൊലി കളയാനാകുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് നടിയും മോഡലുമായ നൗഹീദ് സൈറസി.
എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി കളയുന്ന വീഡിയോ കുറേ നാളുകൾക്ക് മുമ്പാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സംഭവം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. കത്തിയുടെ സഹായത്തോടെ വെളുത്തുള്ളിയുടെ തൊലി കളയാൻ ശ്രമിക്കുന്ന നൗഹീദാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഈ രീതിയിൽ വെളുത്തുള്ളിയുടെ തൊലി കളയാൻ വളരെയേറെ സമയമെടുക്കുമെന്ന് യുവതി പറയുന്നു. ഇത് എളുപ്പമാക്കാൻ ഒരു സൂത്രമുണ്ടെന്ന് പറഞ്ഞുകൊണ്ട് വെളുത്തുള്ളി മൈക്രോവേവിൽ മുപ്പത് സെക്കൻഡ് വയ്ക്കുന്നു. 30 സെക്കൻഡിന് മുമ്പ് എന്തെങ്കിലും ശബ്ദം കേട്ടാൽ, മൈക്രോവേവ് ഓഫ് ചെയ്ത് വെളുത്തുള്ളി ഉടൻ നീക്കം ചെയ്യണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. മൈക്രോവേവിലെ ചൂട് വെളുത്തുള്ളിയുടെ തൊലി മൃദുവാക്കുന്നു. അതുകൊണ്ടുതന്നെ തൊലി എളുപ്പത്തിൽ കളയാനാകുമെന്ന് നൗഹീദ് കൂട്ടിച്ചേർത്തു. തുടർന്ന് മൈക്രോവേവിൽ നിന്ന് വെളുത്തുള്ളി പുറത്തെടുക്കുന്നു.'ഇത് ചൂടായിരിക്കും, അതിനാൽ ശ്രദ്ധിക്കുക, ഇത് എത്ര എളുപ്പത്തിൽ തൊലി കളയാമെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.'എന്ന് പറഞ്ഞുകൊണ്ട് വളരെപ്പെട്ടന്ന് കത്തി പോലും ഉപയോഗിക്കാതെ നടി വെളുത്തുള്ളിയുടെ തൊലി കളയുന്നു.