വാട്ടർടാങ്കിൽ അബദ്ധത്തിൽ വീണു, കിണഞ്ഞ് പരിശ്രമിച്ചിട്ടും കയറാനായില്ല; പിടിയാനയ്ക്ക് രക്ഷകരായത് വനംവകുപ്പ്

Monday 15 September 2025 12:15 PM IST

ചെന്നൈ: വാട്ടർ ടാങ്കിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ. ടാങ്ക് തകർത്താണ് ആനയെ പുറത്തേക്കെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഐഎഎസ് ഉദ്യോ​ഗസ്ഥയായ സുപ്രിയ സാഹു ഉൾപ്പെടെയുളളവർ വീഡിയോ പങ്കുവച്ചതും ശ്രദ്ധേയമായി.

നീലഗിരിയിലെ കൂനൂരിലുള്ള ഒരു ആദിവാസി ഗ്രാമത്തിലെ ജലസംഭരണിയിലാണ് പിടിയാന വീണത്. ആന പരിഭ്രാന്തയായി ടാങ്കിനുളളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതും അതിനുസാധിക്കാതെ വരുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെ രക്ഷപ്പെടുത്തിയത്.

ടാങ്ക് തകർത്ത് ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയ ഊട്ടി ഡിഎഫ്ഒ, കൂനൂർ റേഞ്ച് ഓഫീസർ ഉൾപ്പെടെയുളള മുഴുവൻ ടീമിനും സുപ്രിയ സാഹു എക്സിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് തമിഴ്നാട് വനംവകുപ്പിന് അഭിനന്ദനങ്ങളുമായെത്തുന്നത്.