തലയ്‌ക്ക് ഒരു കോടി ഇനാം; മാവോയിസ്റ്റ് നേതാവ് ഉൾപ്പെടെ മൂന്നുപേരെ വധിച്ച് സുരക്ഷാസേന

Monday 15 September 2025 12:30 PM IST

റാഞ്ചി: ഝാർഖണ്ഡിലെ ഹസാരിബാഗിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ സെൻട്രൽ കമ്മിറ്റി അംഗമായ സഹദേവ് സോറൻ എന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ് ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്‌ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കിഴക്കൻ ഇന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളിലൊരാളാണ് സഹദേവ് സോറൻ.

തലയ്‌ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന സിപിഐ മാവോയിസ്റ്റ് ബീഹാർ - ഝാർഖണ്ഡ് സ്‌പെഷ്യൽ ഏരിയാ കമ്മിറ്റി അംഗം ചഞ്ചൽ എന്ന രഘുനാഥ് ഹെംബ്രാം, സോണൽ കമ്മിറ്റി അംഗമായ ബൈർസൻ ഗഞ്ചു എന്ന് വിളിക്കുന്ന രാംഖേൽവാൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ. ഇതിൽ രഘുനാഥിന് 25 ലക്ഷവും രാംഖേൽവാനിന് പത്ത് ലക്ഷവുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഝാർഖണ്ഡ് പൊലീസിന്റെയും സിആർപിഎഫിന്റെ കോബ്ര കമാൻഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഝാർഖണ്ഡ് പൊലീസിന്റെ ഗിരിധ്, ഹസാരിബാഗ് യൂണിറ്റുകളാണ് സിആർപിഎഫിന് പിന്തുണ നൽകിയത്. സഹദേവ് സോറൻ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം സ്ഥലത്തുണ്ടെന്ന വിവരത്തെത്തുടർന്നാണ് സംയുക്ത സംഘം തെരച്ചിലിനിറങ്ങിയത്. ഇവർക്ക് നേരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു. പ്രദേശത്ത് മറ്റ് മാവോയിസ്റ്റുകൾ ഉണ്ടാകാമെന്നതിനാൽ തെരച്ചിൽ തുടരുകയാണ്.