മണ്ണിനടിയിൽ കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്‌ഗുൽ നദീതീരത്താണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽകേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്.
കന്നുകാലികളെ മേയ്‌ക്കാനെത്തിയ ഇയാൾ കരച്ചിൽ കേട്ടാണ് സ്ഥലത്ത് തെരച്ചിൽ നടത്തിയത്. മൺകൂനയ്‌ക്കുള്ളിൽ നിന്നും പുറത്തേക്ക് നീണ്ട കൈയാണ് ആദ്യം കണ്ടത്. ബാക്കി ശരീരഭാഗങ്ങളെല്ലാം മണ്ണിനടിയിലായിരുന്നു. മണ്ണിൽ നിന്നും പുറത്തെടുക്കുമ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ് രക്തംവാർന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ തൊട്ടടുത്തുള്ള ഹെൽത്ത്സെന്ററിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും ചികിത്സയ്‌ക്കായി കൊണ്ടുപോയി. കുഞ്ഞിന് 15 ദിവസം പ്രായം വരുമെന്ന് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഇപ്പോഴും അപകടനില തരണംചെയ്‌തിട്ടില്ല.
കുഞ്ഞിനെ ഒരടി താഴ്‌ചയിലാണ് കുഴിച്ചിട്ടിരുന്നത്. എന്നാൽ, ശ്വാസം കിട്ടാനായി വിടവിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.