ഒളിഞ്ഞിരിക്കുന്ന ചതി; സൂപ്പർമാർക്കറ്റിൽ നിന്നും മറ്റും സാധനം വാങ്ങുമ്പോൾ നിർബന്ധമായും ഒരു കാര്യം ശ്രദ്ധിക്കണം
പാക്കറ്റിലുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കും?പലരും ചെയ്യുന്നത് ആ പാക്കറ്റ് വെറുതെ തിരിച്ചും മറിച്ചും നോക്കുകയെന്നതായിരിക്കും. വലിയ സൂപ്പർമാർക്കറ്റുകളിൽ നിന്നും മാറ്റുമാണ് സാധനം വാങ്ങുന്നതെങ്കിൽ അവയൊക്കെ സുരക്ഷിതമായിരിക്കുമെന്ന് ധരിക്കുന്നവരും ഏറെയാണ്.
ചിലരെങ്കിലും പാക്കറ്റിന് മുകളിലുള്ള എക്‌സ്‌പയറി നോക്കുമായിരിക്കും. എന്നാൽ എത്രപേർ അതിനുപിന്നിലെ ലേബൽ കൃത്യമായി വായിക്കും? മെനക്കെടാൻ വയ്യ, ഇതൊക്കെ വായിച്ചിട്ടെന്താ കാര്യം എന്നായിരിക്കും പലരും ചിന്തിക്കുക. പാക്കറ്റിന് പുറത്തെ ലേബൽ കൃത്യമായി വായിക്കണം. എന്തൊക്കെ ചേരുവകളാണ് അതിൽ ചേർത്തിരിക്കുന്നതെന്നതിന്റെ വിശദീകരണം ലേബലിൽ കൃത്യമായി നൽകിയിട്ടുണ്ടാകും.
എന്തൊക്കെ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, എന്തൊക്കെ ഒഴിവാക്കണമെന്ന കാര്യം കൃത്യമായി ശ്രദ്ധിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ ലേബൽ വായിച്ചാൽ പല അബദ്ധങ്ങളും ഒഴിവാക്കാനാകും. ഉദാഹരണത്തിന് നിങ്ങൾക്ക് പ്രമേഹമുണ്ടെന്ന് കരുതുക. തിരഞ്ഞെടുക്കുന്ന പ്രൊഡക്ടിൽ ഷുഗർ കണ്ടെന്റ് എത്രയാണെന്ന് മനസിലാക്കാനാകും. അതുവഴി ആ പ്രൊഡക്ട് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനും സാധിക്കും.
'ക്ലീൻ' എന്നാൽ എല്ലായ്‌പ്പോഴും ആരോഗ്യകരമായിരിക്കണമെന്നില്ല. 'ക്ലീൻ' എന്ന ലേബലുള്ള പല ഉൽപ്പന്നങ്ങളും ഇപ്പോഴും പ്രിസർവേറ്റീവുകൾ അല്ലെങ്കിൽ ഫ്‌ളേവർ ബൂസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.അതിനാൽത്തന്നെ എല്ലായ്‌പ്പോഴും ചേരുവകളുടെ പട്ടിക വായിക്കുക. ആ ലിസ്റ്റിൽ മനസിലാകാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ ഗൂഗിളിൽ അതിനെക്കുറിച്ച് തെരയുക.
ലേബലിൽ എന്തൊക്കെ കാര്യങ്ങൾ
- ഐഡന്റിറ്റി സ്റ്റേറ്റ്‌മെന്റ്: ഉൽപ്പന്നം എന്താണെന്നതിനെപ്പറ്റിയുള്ള ചെറുവിവരണമാണിത്. വസ്തുതയേക്കാൾ കൂടുതൽ മാർക്കറ്റിംഗ് ആണ് ഇവിടെ നടക്കുക. ഒരു പാക്കറ്റിൽ 'ആരോഗ്യകരമായ മൾട്ടിഗ്രെയിൻ സ്നാക്ക്' എന്ന് എഴുതിയേക്കാം, അതിൽ അടങ്ങിയിരിക്കുന്ന ചേരുവകളിൽ ചിലപ്പോൾ റിഫൈനിഡ് ഫ്‌ളോർ ഉണ്ടായേക്കാം.
- ചേരുവകളുടെ പട്ടിക: ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ചേരുവകൾ ആദ്യം തന്നെ നൽകിയിരിക്കും. ഓരോ ചേരുവയുടെയും അളവ് കൃത്യമായി നൽകും.
- പോഷകാഹാരം: എത്ര കലോറിയാണ് ഈ പ്രൊഡക്ടിൽ അടങ്ങിയിരിക്കുന്നതെന്ന് കൃത്യമായി നൽകിയിരിക്കും. കലോറിയുടെ കാര്യം മാത്രമല്ല പ്രോട്ടീൻ അടക്കമുള്ളവയുടെ അളവും ഇതിലുണ്ടാകും.
- ട്രാൻസ് ഫാറ്റുകൾ: '0 ട്രാൻസ് ഫാറ്റ്' എന്ന് ലേബലിൽ എഴുതിയിട്ടുണ്ടെങ്കിൽ പോലും, ചേരുവകളിൽ ഭാഗികമായി ഹൈഡ്രജനേറ്റഡ് ഓയിലുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. അവിടെയാണ് യഥാർത്ഥ പ്രശ്നം കിടക്കുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽത്തന്നെ ഇത് ഭക്ഷണത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം.
- സോഡിയം: പായ്ക്ക് ചെയ്ത പല ഭക്ഷണങ്ങളിലും ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽത്തന്നെ ഉപ്പിന്റെ അളവ് നോക്കുക.
- സേർവിംഗ് സൈസ്: നിങ്ങൾ കണ്ണുതുറന്നു നോക്കേണ്ട ഒരു കാര്യമാണിത്. 100 ഗ്രാമിന് ഇത്രയും ചേരുവകൾ ആണ് ഉപയോഗിച്ചത് അല്ലെങ്കിൽ ഇത്ര കലോറിയാണ് ഉള്ളത് എന്നായിരിക്കും പാക്കറ്റിലുണ്ടാകുക. ഇതുകാണുമ്പോൾ പലരും കരുതുക ആ മൊത്തം പാക്കറ്റിന്റെ ചേരുവ അല്ലെങ്കിൽ കലോറിയാണ് എഴുതിയിരിക്കുക എന്നായിരിക്കും. എന്നാൽ ചിലപ്പോൾ അത് 200 ഗ്രാമിന്റെ പാക്കറ്റ് ആയിരിക്കും. അപ്പോൾത്തന്നെ കലോറിയും മറ്റും ഇരട്ടിയായി.
സാധനം വാങ്ങുന്നതിന് മുമ്പ് പതിവായി ലേബലുകൾ ശ്രദ്ധിക്കുക. ഇതുമൂലം സൂപ്പർമാർക്കറ്റിലും മറ്റും കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. എന്നാൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. മാത്രമല്ല ലേബലിംഗിൽ കൂടുതൽ സത്യസന്ധത പുലർത്തുന്നതും ആരോഗ്യത്തിന് നല്ലതുമായ പുതിയ ബ്രാൻഡുകളോ പ്രാദേശിക ഉൽപ്പന്നങ്ങളോ നിങ്ങൾ കണ്ടെത്താൻ സാധിച്ചെന്നും വരാം.
ശ്രദ്ധിക്കേണ്ടത്
- പായ്ക്കിന്റെ മുൻവശത്തെ വിശ്വസിക്കരുത്: ഉപയോക്താക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുൻവശത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- ഹിഡൻ ഷുഗറിനെപ്പറ്റി അറിഞ്ഞിരിക്കുക. പഞ്ചസാരയ്ക്ക് നിരവധി അപരനാമങ്ങളുണ്ട്. ഡെക്സ്‌ട്രോസ്, മാൾട്ടോസ്, ഷുഗർ കേൻ ജ്യൂസ്, ഫ്രൂട്ട് കോൺസെൻട്രേറ്റ് മുതലായ പലതും. ഒന്നിലധികം പഞ്ചസാര ഐറ്റംസ് വ്യത്യസ്ത പേരുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഉത്പന്നം അത്ര ഹെൽത്തിയാകണമെന്നില്ല.
- സേർവിംഗ് സൈസും ചേരുവയും സൂക്ഷ്മമായി നിരീക്ഷിക്കുക.