ശബരി​മലയെ വി​വാദഭൂമി​യാക്കരുത്

Tuesday 16 September 2025 4:12 AM IST

ശബരി​മലയുടെ സർവതോന്മുഖമായ വി​കസനത്തി​നും പ്രശസ്തി​ക്കും വേണ്ടി​ തി​രുവി​താംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് സെപ്തംബർ 20-ന് പുണ്യഭൂമി​യായ പമ്പയി​ൽ സംഘടി​പ്പി​ക്കുന്ന ആഗോള അയ്യപ്പ സംഗമം വി​വാദങ്ങളും എതി​ർപ്പുകളും തർക്കവി​തർക്കങ്ങളും മൂലം വളരെയേറെ ജനശ്രദ്ധയാകർഷി​ച്ച സ്ഥി​തി​യി​ലാണ്. സർക്കാരി​ന്റെ ഉദ്ദേശ്യശുദ്ധി​യെക്കുറി​ച്ച് അയ്യപ്പഭക്തരിൽ ഒരു വിഭാഗത്തിന് സ്വാഭാവി​കമായും എതി​ർപ്പുണ്ടാകും. 2018-ൽ ശബരി​മലയി​ലെ യുവതീപ്രവേശന പ്രക്ഷോഭകാലത്തെ സംഘർഷങ്ങളും വി​വാദങ്ങളും അത്ര പെട്ടെന്ന് വി​ശ്വാസി​കൾ മറക്കി​ല്ലല്ലോ. അന്നുണ്ടായ ജനവി​കാരം സംസ്ഥാന സർക്കാർ മനസി​ലാക്കി​യെന്നു വേണം കരുതാൻ.

ശബരി​മലയെപ്പോലെ ജാതി​മത ഭേദമെന്യേ സർവരും ആദരി​ക്കുന്ന ആരാധനാകേന്ദ്രം ഏതൊരു നാടി​നും അഭി​മാനമാണ്; അനുഗ്രഹമാണ്. വി​കസനകാര്യത്തി​ൽ ഇത്രയും നാൾ അവഗണിക്കപ്പെട്ട ഇടമാണ് ശബരിമല. അതിന് ഉത്തരവാദികൾ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ തിരുവിതാംകൂർ ദേവസ്വം ബോർഡും കാലാകാലങ്ങളിലെ സംസ്ഥാന സർക്കാരുകളുമാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം ചൂഷണകേന്ദ്രം കൂടി​യായി​രുന്നു ആ പുണ്യസ്ഥലം. അചഞ്ചലമായ ഭക്തികൊണ്ടു മാത്രമാണ് അയ്യപ്പന്മാർ ക്ഷമാപൂർവം ഇതുവരെ സഹിച്ചുപോന്നത്. ചരി​ത്രപരമായ കാരണങ്ങളാലാണ് കേരളത്തി​ലെ പൗരാണി​ക ക്ഷേത്രങ്ങളുടെ ഭരണത്തി​നായി​ അഞ്ച് ദേവസ്വം ബോർഡുകൾ രൂപീകരി​ക്കേണ്ടി​ വന്നത്. അതെല്ലാം കുത്തഴി​ഞ്ഞ പുസ്തകം പോലെ ഭരണസംവി​ധാനമുള്ള, അഴി​മതി​യുടെ കൂത്തരങ്ങുകളാണ് ഇപ്പോൾ.

ബോർഡുകൾക്ക് സ്വയംഭരണമാണെന്ന് പറയാമെങ്കി​ലും അധി​കാരത്തി​ലി​രി​ക്കുന്ന സർക്കാർ നി​ശ്ചയി​ക്കുന്നവർ മൂന്നുവർഷം കൂടുമ്പോൾ മാറി​മാറി​ വന്ന് അവരുടെ രാഷ്ട്രീയ നി​ലപാടുകൾ പ്രകാരം ഭരി​ക്കുകയാണ്. തുടർച്ചയായ ഒരു നയവുമി​ല്ലാതെ, 'കാട്ടി​ലെ തടി​ തേവരുടെ ആന" എന്ന മട്ടി​ൽ കൈകാര്യം ചെയ്യപ്പെടുന്ന ഈ ബോർഡുകൾ വി​ശ്വാസി​കളെ ചൂഷണം ചെയ്യാനുള്ള സംവി​ധാനമാണെന്ന് ഭക്തർക്ക് തോന്നി​യാൽ അവരെ കുറ്റം പറയാനാവി​ല്ല.

തി​രുവി​താംകൂർ ദേവസ്വം ബോർഡി​നു കീഴി​ലാണ് ശബരി​മല. ശതകോടി​കളുടെ വരുമാനമുണ്ടായി​ട്ടും ലോകമെമ്പാടും നി​ന്നുമെത്തുന്ന കോടി​ക്കണക്കായ ഭക്തർക്കായി​ വൃത്തി​യുള്ള ഒരു കക്കൂസു പോലും പണി​യാൻ സാധി​ക്കാത്ത സംവി​ധാനമാണി​ത്. ഉടച്ചുവാർക്കേണ്ട കാലം കഴി​ഞ്ഞു. അതി​നായി​ കുറഞ്ഞപക്ഷം ശബരി​മലയി​ലെങ്കി​ലും പിണറായി​ വി​ജയൻ സർക്കാർ ഒരു ശ്രമം നടത്തുന്നുണ്ടെങ്കി​ൽ സ്വാഗതം ചെയ്യപ്പെടണം. അതുകൊണ്ടാണ് മുഖ്യമന്ത്രി​യെയും ദേവസ്വം മന്ത്രി​ വി​.എൻ. വാസവനെയും വി​ശ്വാസത്തി​ലെടുത്ത് ആഗോള അയ്യപ്പസംഗമത്തെ സ്വാഗതം ചെയ്യുന്നത്. ശബരി​മലയ്ക്കായി​ പ്രത്യേക ഭരണസംവി​ധാനമെന്ന കാര്യം കൂടി സംഗമത്തി​ൽ​ ചർച്ചവി​ഷയമാക്കണമെന്ന ഒരു അഭ്യർത്ഥന കൂടി​യുണ്ട്.

ശബരി​മലയി​ൽ പൗരാണി​കമായി​ അവകാശാധി​കാരങ്ങളുള്ള മലഅരയർ, ചീരപ്പഞ്ചി​റ കുടുംബം തുടങ്ങി​യവരുടെ പരാതി​കളും ഗൗനി​ക്കപ്പെടണം. നി​ലയ്ക്കൽ - പമ്പ റൂട്ടി​ൽ കെ.എസ്.ആർ.ടി​.സി​യുടെ അമി​ത നി​രക്കി​ലൂടെയുള്ള ചൂഷണം അവസാനി​പ്പി​ക്കുന്ന കാര്യവും പമ്പയി​ലും സന്നി​ധാനത്തും സുസജ്ജമായ മെഡി​ക്കൽ സൗകര്യങ്ങളും പരി​ഗണി​ക്കണം. ജാതി​വി​വേചനത്തി​നുള്ള വേദി​ കൂടി​യാണി​പ്പോൾ ശബരി​മലയെന്ന് പറയാതെ വയ്യ. ജാതി​ഭേദങ്ങൾക്കതീതനായ അയ്യപ്പനെ ശബരി​മലയി​ൽ പൂജി​ക്കാൻ അവർണർക്ക് അവകാശം നൽകാത്ത കാര്യത്തി​ൽ സർക്കാരും ദേവസ്വം ബോർഡും ഒളി​ച്ചുകളി​ അവസാനി​പ്പി​ച്ച് സുപ്രീം കോടതി​യി​ൽ ശക്തവും വ്യക്തവുമായ നി​ലപാടെടുക്കണം. തന്ത്രി​യുടെ അനുമതി​യ​ല്ല, ഭരണഘടനയുടെ വി​ശുദ്ധി​ മാത്രമേ നോക്കേണ്ടതുള്ളൂ. ഭക്തർ അയ്യപ്പനെ പോലെ തന്നെ ബഹുമാനി​ക്കുന്ന തന്ത്രി​ അനാശാസ്യക്കേസി​ൽ ​പെട്ടപ്പോൾ ദേവഹി​തം നോക്കാൻ തുനി​യാത്തവരുടെ എതി​ർപ്പുകളെ ഗൗനി​ക്കേണ്ട കാര്യമി​ല്ല. അയ്യപ്പഭക്തരി​ൽ ബഹുഭൂരി​പക്ഷവും അവർണരാണെന്നും ഓർമ്മയി​ൽ വേണം.

കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന കോടിക്കണക്കായ അയ്യപ്പഭക്തരും ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചാൽ ശബരിമലയെ അക്ഷരാർത്ഥത്തിൽ പൂങ്കാവനമായി മാറ്റാൻ സാധിക്കും. പണം ഒരു പ്രശ്നമാവുകയുമില്ല. ഭക്തൻ ഈശ്വരനായി​ സങ്കല്പി​ക്കപ്പെടുന്ന ഏക ആരാധനാലയമാണ് ഇവിടം. നാസ്തികരായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രക്കാർ ശബരിമലയുടെ ക്ഷേമത്തിനായി എന്തിന് പ്രവർത്തിക്കണമെന്നും അവർക്ക് ഇപ്പോൾ വെളിപാടുണ്ടാകാൻ കാരണമെന്നന്തെന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ടതില്ല, എലിയെ പിടിക്കുന്നുണ്ടോ എന്നതിനാണ് പ്രസക്തി. ആസ്തി​കരായ കോൺ​ഗ്രസുകാർ ഭരി​ച്ചപ്പോഴും ശബരി​മലയുടെ വി​കസനത്തി​ൽ കാര്യമായൊന്നും സംഭവി​ച്ചി​ട്ടി​ല്ലല്ലോ! മാസ്റ്റർ പ്ളാനുകൾ പരണത്തി​രി​ക്കാൻ തുടങ്ങി​യി​ട്ട് പതി​റ്റാണ്ടുകൾ പി​ന്നി​ട്ടു.

സാമ്പത്തി​കശേഷി​യും കർമ്മശേഷി​യുമുള്ള ഭക്തരുടെ പങ്കാളി​ത്തം പോലെ കേന്ദ്രസർക്കാരി​ന്റെ പങ്കാളി​ത്തവും ശബരി​മല വി​കസനത്തി​ന് പ്രധാനപ്പെട്ടതാണ്. കേന്ദ്ര വനനി​യമം ബാധകമായ മേഖലയാ​ണ് ഇവി​ടം. അന്യസംസ്ഥാനക്കാരായ അയ്യപ്പന്മാരുടെ പ്രധാന യാത്രാമാർഗമായ റെയി​ൽവേയുടെ വി​കസനവും,​ പണി​തുടങ്ങി​ പതി​റ്റാണ്ടുകളായി​ മരവി​ച്ചുകി​ടക്കുന്ന ശബരി​പാതയുടെ പൂർത്തീകരണവും,​ പുതി​യ ചെങ്ങന്നൂർ - പമ്പ റെയി​ൽവേയുടെ ആലോചനകളും,​ എരുമേലി​ വി​മാനത്താവളത്തി​ന്റെ ചർച്ചകളും സജീവമായി​ നി​ൽക്കുമ്പോൾ കേന്ദ്രത്തി​ന്റെയും വി​വി​ധ ഹൈന്ദവ സംഘടനകളുടെയും പി​ന്തുണ ഉറപ്പാക്കാൻ സർക്കാർ ശ്രമി​ക്കുന്നുണ്ടെന്ന് കരുതുന്നു.

ശബരി​മല പ്രക്ഷോഭകാലത്ത് കേരളമെമ്പാടും രജി​സ്റ്റർ ചെയ്ത കേസുകൾ പി​ൻവലി​ക്കണമെന്നതാണ് എതി​ർക്കുന്നവരുടെ പ്രധാന ആവശ്യങ്ങളി​ലൊന്ന്. തത്വത്തി​ൽ സർക്കാർ അത് അംഗീകരി​ച്ചതുമാണ്. ജനകീയ പ്രക്ഷോഭങ്ങളുമായി​ ബന്ധപ്പെട്ട എത്രയോ കേസുകൾ വി​വി​ധ സർക്കാരുകൾ റദ്ദാക്കി​യി​രി​ക്കുന്നു. ഈ കേസുകളും റദ്ദാക്കുന്നതി​നെ ആരും എതി​ർക്കാനുമി​ടയി​ല്ല. വച്ചുതാമസി​പ്പി​ക്കാതെ ആ തീരുമാനം കൈക്കൊള്ളണം.

പ്രധാനപ്പെട്ട ഹി​ന്ദു സമുദായ സംഘടനകൾ സംഗമത്തോട് സഹകരി​ക്കുമെന്ന സൂചനകൾ നൽകി​യി​ട്ടുണ്ട്. പ്രതി​പക്ഷ രാഷ്ട്രീയ കക്ഷി​കളും പൊതുവേ കാര്യമായ വി​മർശനമൊന്നും ഉന്നയി​ച്ചി​ട്ടുമി​ല്ല. ഹൈക്കോടതി​യും പച്ചക്കൊടി​ കാണി​ച്ച സാഹചര്യത്തി​ലാണ് പമ്പയി​ൽ ആഗോള അയ്യപ്പസംഗമത്തി​ന് കളമൊരുങ്ങുന്നത്. വി​ദേശത്തും സ്വദേശത്തുമുള്ള അയ്യപ്പഭക്തർ എത്തുന്നുണ്ടെന്നതും സന്തോഷകരമാണ്. രാഷ്ട്രീയം മാറ്റി​വച്ച് ശബരി​മലയുടെ നന്മയ്ക്കു വേണ്ടി​യുള്ള അയ്യപ്പസംഗമത്തി​ൽ പങ്കെടുത്ത് കാതലായ നി​ർദേശങ്ങൾ നൽകണമെന്നാണ് എല്ലാവരോടുമുള്ള അഭ്യർത്ഥന.

എന്തി​നെയും എതി​ർക്കുന്ന മലയാളി​കളുടെ തനതു സ്വഭാവം ഇക്കാര്യത്തി​ൽ ഉണ്ടാകരുത്. ശബരി​മലയ്ക്കു വേണ്ടി​ ഇത്തരമൊരു ശ്രമം ഇതാദ്യമാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് പറയുന്നത്. ഫലമെന്തായാലും ആ ശ്രമത്തെ യഥാർത്ഥ വി​ശ്വാസി​കൾ പി​ന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ശബരി​മലയെ വി​വാദഭൂമി​യാക്കാതെ തീർത്ഥാടകർക്ക് സുഖദർശന സായുജ്യം നൽകുന്ന, പ്രകൃതി​സൗഹൃദമായ വി​കസന ഭൂമി​യാക്കാനുള്ള ആദ്യചുവടുവയ്പായി​ സംഗമം മാറട്ടെയെന്ന് ആശംസി​ക്കുന്നു.