വനം വകുപ്പ് ഹെൽപ് ഡെസ്‌ക് ഇന്നു മുതൽ

Monday 15 September 2025 7:59 PM IST

കണ്ണൂർ: മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനംവകുപ്പ് റേഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌കുകൾ ഇന്നുമുതൽ ആരംഭിക്കും.വന്യജീവി ആക്രമണം അതിരൂക്ഷമായ കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, കണിച്ചാർ, ചെറുപുഴ, ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ, പരിയാരം, ചിറ്റാരിപ്പറമ്പ്, പാട്യം, തൃപ്പങ്ങോട്ടൂർ, കോളയാട്, ആറളം പഞ്ചായത്തുകളിലാണ് 30 വരെ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നത്.

വിളനാശം, നഷ്ടപരിഹാരം വൈകുന്നത്, സുരക്ഷാഭീഷണി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ രേഖാമൂലം നൽകാൻ ഹെൽപ്പ് ഡെസ്‌കുകളിൽ സൗകര്യമുണ്ടാകും. പ്രാദേശികതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് കൈമാറാനും ഇതുവഴി സാധിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.