ബ്രൈമൂറിലെ തൊഴിലാളികൾ ദുരിതത്തിൽ മരംമുറി വ്യാപകം

Tuesday 16 September 2025 1:31 AM IST

പാലോട്: കനത്തമഴയും തൊഴിലില്ലായ്മയും പെരിങ്ങമ്മല പഞ്ചായത്തിലെ ബ്രൈമൂറിലെ പരമ്പരാഗത തോട്ടം തൊഴിലാളികളെ പട്ടിണിയിലാക്കുമ്പോഴും പരിസ്ഥിതിക്ക് കോട്ടമായി വൻ മരങ്ങൾ മുറിച്ചു നീക്കുന്നു. പരിസ്ഥിതി ദുർബല മേഖലയായ ബ്രൈമൂറിൽ ജെ.സി.ബി.യും വലിയ യന്ത്രങ്ങളും ഉപയോഗിച്ചാണ് മരങ്ങൾ മുറിച്ചുനീക്കുന്നത്. ഇവിടെ തൊഴിലെടുത്ത് ജീവിക്കാനായി സമരം തുടങ്ങിയ മുപ്പതോളം തൊഴിലാളി കുടുംബങ്ങളാണ് ദുരിതത്തിലായത്. കയറിക്കിടക്കാൻ ഒരുതുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ല. തോട്ടം ഭൂമി ആയതിനാൽ സർക്കാരിന്റെ പദ്ധതികളിൽ ഇവർ ഉൾപ്പെട്ടിട്ടുമില്ല.

ബ്രൈമൂർ എസ്റ്റേറ്റിൽ കൃഷിയില്ലാതായിട്ട് വർഷങ്ങളായി. ഇന്നിവിടം റിസോർട്ടായാണ് പ്രവർത്തിക്കുന്നത്. തലമുറകളോളം ജീവിച്ചൊടുങ്ങിയ മണ്ണിൽ പട്ടയം ചോദിക്കാനും അവകാശമില്ല. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ക്ഷേമപദ്ധതികളും അന്യം. കാട്ടാനയും കാട്ടുപോത്തും കരടിയും കാട്ടുപന്നിയും വിഹരിക്കുന്ന മലഞ്ചെരിവുകളിൽ ഏതുനിമിഷവും നിലം പൊത്താവുന്ന ലയങ്ങളിലാണിവർ ജീവിക്കുന്നത്.

പ്രാഥമിക സൗകര്യങ്ങളില്ല

അങ്കണവാടിയോ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങളോ ഇല്ല. ശുദ്ധജലം ലഭിക്കുന്നതിനുള്ള സൗകര്യങ്ങളുമില്ല. പൊന്മുടി അടിവാരത്ത് ഉത്ഭവിക്കുന്ന കാനകളിൽ നിന്ന് തലച്ചുമടുകളായാണ് വെള്ളമെടുക്കുന്നത്. പത്തോളം കുടുംബങ്ങൾ വസിക്കുന്ന ഒരു ലയത്തിൽ ആകെയുള്ളത് ഒരു കക്കൂസ് മാത്രമാണ്. റേഷനരി വാങ്ങാൻ ഒൻപത് കിലോമീറ്ററോളം കാടിറങ്ങി ഇടിഞ്ഞാറിലെത്തണം.

തൊഴിൽവകുപ്പ് 496രൂപ മിനിമം വേതനം ഉറപ്പ് ചെയ്തിട്ടുള്ളപ്പോൾ 275മുതൽ 300രൂപ വരെയാണ് ഇവർക്ക് മാനേജ്‌മെന്റ് നൽകിയിരുന്നത്. തേയിലയും റബറും സുഗന്ധ വ്യഞ്ജനങ്ങളും ലഭിച്ചിരുന്ന സ്ഥലത്ത് കാടുമൂടിയ എസ്റ്റേറ്റിന്റെ നവീകരണത്തിന് മാനേജ്‌മെന്റിനും താത്പര്യമില്ല. തൊഴിലാളികൾ പിരിഞ്ഞുപോകുന്നെങ്കിൽ പോകട്ടെയെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

മരംമുറി വ്യാപകം

ബ്രൈമൂറിലെ മരംമുറിയിൽ വ്യാപകമായ ക്രമക്കേടാണെന്ന ആക്ഷേപം ശക്തമാണ്. നൂറ്റാണ്ട് പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നത് വ്യക്തമായ രേഖകളോ നിയമങ്ങളോ പാലിക്കാതെയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. പെരിങ്ങമ്മല വില്ലേജ് ഓഫീസിന്റെയും വനംവകുപ്പിന്റെയും ഒത്താശയോടെയാണ് വൻമരങ്ങൾ പരിസ്ഥിതി ദുർബല പ്രദേശത്തു നിന്നും മുറിച്ചുമാറ്റുന്നത്. നൂറുവർഷം പഴക്കമുള്ള റബ്ബർ മരങ്ങളാണ് മുറിച്ചുമാറ്റാൻ അനുമതി തേടിയിരിക്കുന്നത്. എന്നാൽ നടക്കുന്നത് വ്യാപകമായ മരം മുറിയാണ്.