ലഹരിക്കെതിരെ കരുതൽ തടങ്കൽ പട്ടിക ; ഒന്നാംലിസ്റ്റിൽ പത്തിലേറെ കടത്തുകാർ

Monday 15 September 2025 8:35 PM IST

കണ്ണൂർ: ജില്ലയിൽ ലഹരിക്കടത്തുകാരെ ജയിലിലടക്കാൻ ഒരുങ്ങി പൊലീസും എക്സൈസും. ജില്ലയിൽ ഇതിനായുള്ള ഒന്നാംഘട്ട പട്ടിക പൊലീസ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.ഒന്നിലേറെ തവണ കേസിലുൾപ്പെട്ട പത്തോളം പേരാണ് ഇതിൽ പെടുന്നത്. ഇതിൽ രണ്ട് പേരെ ഇതിനകം കരുതൽ തടങ്കലിലാക്കി കഴിഞ്ഞു.

മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി കി​ഴ​ക്കേ​വീ​ട്ടി​ൽ ജി​നീ​ഷിനെ (34) ​യാ​ണ് ആ​ദ്യം കരുതൽ തടങ്കലിലാക്കിയത്. പേ​രാ​വൂ​ർ ഡി​വൈ.​എ​സ്.​പി എം.​പി.ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​ഴ​ക്കു​ന്ന് പൊ​ലീ​സാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പയ്യന്നൂർ സ്വദേശിനി ബുള്ളറ്റ് ലേഡി എന്ന സി.നിഖിലയെയും (30) പിടികൂടി​. നിരവധി തവണ ലഹരി കേസിൽ പെട്ട യുവതിയെ കഴിഞ്ഞയാഴ്ച തളിപ്പറമ്പ് എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് കേസിൽ കരുതൽ തടങ്കലിലാകുന്ന ആദ്യ വനിത കൂടിയാണ് നിഖില. ജില്ലയിൽ നേരത്തെ ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് യുവതിയെ ഉൾപ്പെടെ കാപ്പ ചുമത്തി നാട് കടത്തിയിട്ടുമുണ്ട്.

ആറ് മാസം മുതൽ രണ്ട് വർഷം വരെ ജയിലിൽ

പിറ്റ് എൻ.ഡി.പി.എസ് ആക്ട് (പ്രിവൻഷൻ ഒഫ് ഇ​ലി​സി​റ്റ് ട്രാ​ഫി​ക്ക് ന​ർ​ക്കോ​ട്ടി​ക്ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്ടോ​പ്പി​ക്ക് സ​ബ്സ്റ്റ​ൻ​സ​സ് ആ​ക്ട്)​ പ്രകാരമാണ് നടപടികൾ.ലഹരിക്കേസുകളിൽ അടിക്കടി പെട്ടവരെ ആദ്യം ആറുമാസം വരെയാണ് ജയിലിൽ കരുതൽ തടങ്കലിലാക്കുന്നത്. പിന്നീട് വിചാരണ കൂടാതെ തടവ് രണ്ട് വർഷം വരെ നീട്ടാം. ലഹരിക്കടത്ത് വഴിയുണ്ടാക്കിയ സമ്പാദ്യം കണ്ടുകെട്ടാനുള്ള സാദ്ധ്യതയും നിയമത്തിലുണ്ട്.ലഹരികടത്തുകാർക്ക് സാമ്പത്തിക സഹായമുൾപ്പടെയുള്ള സഹായങ്ങൾ ചെയ്യുന്നവരെയും കരുതൽ തടങ്കലിൽ വയ്ക്കാം.

ചീഫ് സെക്രട്ടറി ശിപാർശയിൽ കർശനനടപടി

സംസ്ഥാനത്താകെ ലഹരിക്കടത്തുകാരെയും ലഹരിക്കേസ് പ്രതികളേയും കരുതൽ തടങ്കലിലാക്കുന്നത് സംബന്ധിച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ തുടർനടപടി കാര്യക്ഷമമായിരുന്നില്ല. ഉത്തരവ് കർശനമാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം വീണ്ടും ഉണ്ടായതിന് പിന്നാലെയാണ് നടപടി.

നടപടിക്ക് പിന്നിൽ

ശിക്ഷ കഴിഞ്ഞ് ഇറങ്ങി വീണ്ടും ലഹരിക്കച്ചവടം നടത്തുന്നു

കുറഞ്ഞ അളവിൽ ലഹരിയുമായി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി വീണ്ടും കടത്തിലേക്ക്

 ഇത്തരക്കാരെ നിയന്ത്രിക്കാൻ കരുതൽ തടങ്കല്ലാതെ വഴിയില്ലെന്ന് എക്സൈസ്

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. നിരന്തരം കേസുകളിൽ പെടുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കും. രണ്ടുപേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. -ജില്ല പൊലീസ് ആസ്ഥാനം