ഇരട്ടമക്കളുടെ മർദ്ദനമേറ്റ പിതാവ് മരിച്ചു
ചേർത്തല: മദ്യലഹരിയിലായിരുന്ന ഇരട്ടമക്കളുടെ മർദ്ദനത്തിൽ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയ കിടപ്പുരോഗിയായ പിതാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് ചന്ദ്രനിവാസിൽ (കായിപ്പിള്ളിച്ചിറ) ചന്ദ്രശേഖരൻ നായർ (79) ആണ് ഞായറാഴ്ച രാത്രിയിൽ മരിച്ചത്. ആഗസ്റ്റ് 24ന് രാത്രിയിലാണ് മക്കളായ അഖിൽ ചന്ദ്രൻ (30),നിഖിൽ ചന്ദ്രൻ (30) എന്നിവർ മദ്യലഹരിയിൽ ചന്ദ്രശേഖരൻനായരെ മർദ്ദിച്ചത്. ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് പട്ടണക്കാട് പൊലീസ് അറസ്റ്റുചെയ്ത ഇരുവരും റിമാൻഡിലാണ്. അഖിലിനും നിഖിലിനുമൊപ്പമായിരുന്നു ചന്ദ്രശേഖരൻനായർ കഴിഞ്ഞിരുന്നത്. 24ന് രാത്രി 10.40ന് കട്ടിലിൽ കിടക്കുകയായിരുന്ന ചന്ദ്രശേഖരൻനായരെ കട്ടിലിൽ ഇരുന്നു കൊണ്ടുതന്നെ അഖിൽ ആക്രമിച്ചു. കൈയിൽ ധരിച്ചിരുന്ന സ്റ്റീൽവള കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തു. നിഖിലാണ് ഫോണിൽ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അക്രമസമയത്ത് അമ്മ ഹേമ നിസ്സഹായാവസ്ഥയിൽ സമീപത്തുണ്ടായിരുന്നു. മർദ്ദനദൃശ്യങ്ങൾ ഇരുവരും മൂത്തസഹോദരൻ പ്രവീണിനും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. പ്രവീൺ നൽകിയ പരാതിയിലാണ് പട്ടണക്കാട് പൊലീസ് കേസെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമുണ്ടായത്. ഈ സംഭവത്തിനു ശേഷം ഇവരുടെ മൂത്ത സഹോദരൻ പ്രവീണാണ് ചന്ദ്രശേഖരൻ നായരെ ചേർത്തല പതിനൊന്നാം മൈലിലെ സ്വകാര്യ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
2023ലും ഇരുവരും ചേർന്ന് ചന്ദ്രശേഖരൻ നായരെ മർദ്ദിച്ചതിന് പട്ടണക്കാട് സ്റ്റേഷനിൽ കേസുണ്ട്. ചന്ദ്രശേഖരൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അർത്തുങ്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മക്കളുടെ മർദ്ദനമാണോ മരണകാരണമെന്ന് കണ്ടെത്താനാകുകയുള്ളു. മർദ്ദനത്തെ തുടർന്നാണ് മരണമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.