ഫിസിയോതെറാപ്പി പഠിച്ചത് ഒരുമിച്ച്, കൊച്ചിയിലേക്ക് കൊണ്ടുപോയി; പറ്റിച്ച് വിദേശത്ത് പോകാന്‍ ശ്രമിക്കവെ കുടുങ്ങി
തിരുവനന്തപുരം: കൂടെ പഠിച്ച യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട റാന്നി പൂവന്‍മല മേട്ടുങ്കല്‍ വീട്ടില്‍ ബ്രിജില്‍ ബ്രിജി (26) ആണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ എസ്ച്ച്ഒ വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിജിലിനെ പിടികൂടിയത്. പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് ശേഷം വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു യുവാവ്.
കണ്ണൂരിലെ കോളേജില്‍ ഫിസിയോതെറാപ്പി കോഴ്‌സിന് ഒരുമിച്ച് പഠിച്ചവരാണ് ബ്രിജിലും യുവതിയും. സഹപാഠികള്‍ തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമാകുകയായിരുന്നു. തുടര്‍ന്ന് ബ്രിജില്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലേക്ക് കൊണ്ടുപോയി. പാലാരിവട്ടത്തെ ഒരു ഹോട്ടലില്‍ എത്തിച്ചാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഈ സംഭവത്തിന് ശേഷം ഇയാള്‍ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ നിന്ന് പിന്‍മാറി.
യുവാവ് വിദേശത്തേക്ക് ജോലിക്ക് പോകാന്‍ ശ്രമിക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് യുവതി മനസ്സിലാക്കിയത്. വിവാഹം കഴിക്കുമെന്ന വിശ്വാസത്തിലാണ് ബ്രിജിലിന് ഒപ്പം താന്‍ പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.