റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ

Tuesday 16 September 2025 1:22 AM IST

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ ചാർജ് ചെയ്യാൻ കുത്തിയിടുന്ന മൊബൈൽഫോണുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവിനെ ആർ.പി.എഫ് അറസ്റ്റുചെയ്തു. തിരുവനന്തപുരം തിരുമല ആലപ്പുറത്ത് പുത്തൻവീട്ടിൽ ജോസഫാണ് (34) പിടിയിലായത്. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽനിന്ന് മോഷണംപോയ മൊബൈൽഫോണുകൾ സഹിതം ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനുകളിൽ അതിരാവിലെയുള്ള ട്രെയിനുകളിൽ എത്തുന്ന യാത്രക്കാർ ചാർജ് ചെയ്യാൻ കുത്തിയിടുന്ന ഫോണുകളാണ് കവരുന്നത്. യാത്രക്കാർ ഉറങ്ങുന്ന തക്കംനോക്കിയാണ് മോഷണം. കഴിഞ്ഞദിവസം പുലർച്ചെ സൗത്ത് സ്റ്റേഷനിലെത്തിയ എഗ്‌മോർ ചെന്നൈ- ഗുരുവായൂർ എക്‌സ്‌പ്രസിലെ യാത്രക്കാരന്റെ 37,000രൂപ വിലയുള്ള മൊബൈൽഫോൺ മോഷണം പോയിരുന്നു. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ സൗത്ത് സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ആർ.പി.എഫ് ഉദ്യോഗസ്ഥരായ രമേശ്കുമാർ, ശ്രീകുമാർ, അജയഘോഷ്, പ്രമോദ്, അൻസാർ, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.