മോഷണ പരമ്പരയ്ക്ക് ‘പൂട്ട്‌ വീണു’; ഇരുചക്രവാഹന മോഷ്ടാവ് അറസ്റ്റിൽ

Tuesday 16 September 2025 1:28 AM IST

കൊച്ചി: എറണാകുളം നഗരത്തിൽ നിന്ന് തുടർച്ചയായി ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്നയാളെ ‘പൂട്ടി’പൊലീസ്. ആലപ്പുഴ സാക്കാരിയ വാർഡ് പുളിമൂട്ടിൽ പി.എം. മുഹമ്മദ് ഹരിദാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

മറൈൻഡ്രൈവ്, പാർക്ക് അവന്യുറോഡ് ഭാഗങ്ങളിൽ അടുത്തകാലത്ത് നാല് ഇരുചക്രവാഹനങ്ങൾ മോഷണം പോയിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. താക്കോൽ സഹിതം പാർക്ക് ചെയ്യുന്ന സ്കൂട്ടറുകളും ബൈക്കുകളുമാണ് ഇയാൾ മോഷ്ടിക്കുന്നത്. തിരക്കുള്ള നേരത്ത് നിരവധി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളാണ് മോഷണത്തിന് തിരഞ്ഞെടുക്കുന്നത്.

സ്കൂട്ടറുകളിൽ ചിലത് പണയപ്പെടുത്തിയതായും മറ്റ് ചിലത് റോഡരികിൽ ഉപേക്ഷിച്ചതായും പ്രതി സമ്മതിച്ചു.

എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിലും മോഷണം നടത്തിയതായി കണ്ടെത്തി. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ അനൂപ് സി. ചാക്കോ, ഇ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സെൻട്രൽ എ.സി.പിയുടെ ഇൻവെസ്റ്റിഗേഷൻ സംഘവും സംയുക്തമായാണ് അന്വേഷണം നടത്തിയത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇയാൾ മോഷണം നടത്തിയതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.