ബഡ്ജറ്റ് ടൂറിസത്തിൽ റെക്കോർഡുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി
31000 വിനോദസഞ്ചാരികൾ
5.84 കോടി വരുമാനം
കണ്ണൂർ: നഷ്ടത്തിലായിരുന്ന കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് ബഡ്ജറ്റ് ടൂറിസവും. കേരളത്തിൽ ഏറ്രവും കൂടുതൽ കളക്ഷൻ നേടിയ കണ്ണൂർ ഡിപ്പോയാണ് ബഡ്ജറ്റ് ടൂറിസത്തിലൂടെ വിപ്ളവകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ബഡ്ജറ്റ് ടൂറിസം സെൽ 850 ലേറെ യാത്രകളിലൂടെ 5.84കോടിയാണ് കോർപറേഷന് നേടിക്കൊടുത്തത്.
കണ്ണൂരിൽ നിന്നുള്ള വിനോദയാത്രകളിൽ ഇതിനകം 31,000 വിനോദ സഞ്ചാരികൾ പങ്കെടുത്തിട്ടുണ്ട്.പങ്കെടുത്തവരെല്ലാം ഹാപ്പിയാണെന്നതും ശ്രദ്ധേയമാണ്.ബഡ്ജറ്റ് ടൂറിസത്തിന്റെ വിജയത്തിന് പിന്നിൽ ജീവനക്കാരുടെ ഇടപെടലും നിർണാകമാണ്.
2022ൽ ആരംഭിച്ച പദ്ധതി ആദ്യകാലത്ത് ഏകദിന ട്രിപ്പുകളായിരുന്നു സംഘടിപ്പിച്ചത്. ഇത് വിജയം കണ്ടതോടെ ലക്ഷ്വറി ക്രൂസ് റിസോർട്ട് പാക്കേജുകളും സംഘടിപ്പിക്കാൻ ആരംഭിച്ചു. ഏറ്റവും ആകർഷകമായ മൂന്നാർ മറയൂർ കാന്തല്ലൂർ പാക്കേജിൽ ഇതിനകം നൂറ് ട്രിപ്പ് പൂർത്തിയാക്കി. ജീപ്പ് സഫാരിയടക്കം ഉൾപ്പടുന്നതാണ് ഈ പാക്കേജ്.
ആരും കാണാത്ത ഇടങ്ങൾ തേടി
അധികമാരും എത്തിപ്പെടാത്ത സ്ഥലങ്ങളിൽ യാത്ര ചെയ്യുകയെന്ന ദൗത്യത്തിനും കെ.എസ്.ആർ.ടി.സി കൂടെയുണ്ട്. കാസർകോട് ജില്ലയിലെ പൊലിയം തുരുത്തിലേക്കുള്ള യാത്ര ഇത്തരത്തിൽപെട്ടതാണ്. സെപ്തംബർ 27ന് രാവിലെ ഒൻപതിനാണ് കണ്ണൂരിൽ നിന്ന് പുറപ്പെടുന്നത്. നവരാത്രി സ്പെഷ്യൽ മൂകാംബിക പാക്കേജുകളും ആറൻമുള വള്ളസദ്യയ്ക്കായുള്ള പാക്കേജുകളും ഒരുക്കുന്നുണ്ട്. 2875, 3200 എന്നിങ്ങനെയാണ് യഥാക്രമം ഇവയുടെ നിരക്ക്
കരുതലുമായി ജീവനക്കാരും
കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽ നിന്ന് ബഡ്ജറ്റ് ടൂറിസം പാക്കേജിൽ പുറപ്പെട്ട ബസ് പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ടിരുന്നു. 45 പേരിൽ 19 ഓളം പേർക്ക് സാരമല്ലാത്ത പരിക്കേറ്റു. ബ്രേക്ക് നഷ്ടമായെങ്കിലും ഡ്രൈവർ വിനോദിന്റെ സംയോജിതമായ ഇടപെടലിലൂടെ അപകടം ഗുരുതരമാകാതെ കാക്കുകയായിരുന്നു . മൺതിട്ടയിലിടിച്ച് വാഹനം നിർത്തുകയായിരുന്നു.ശനിയാഴ്ച രാവിലെ പയ്യന്നൂരിൽ നിന്നും തിരിച്ച സംഘം തേക്കടി, ഇടുക്കി എന്നിവടങ്ങളിൽ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
യാത്രചെയ്തവരെല്ലാം സന്തുഷ്ടരാണ്. ജീവനക്കാരുടെ ഇടപെടൽ കൂടിയാണ് ഇതിനുള്ള കാരണം. മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കെ.രജീഷ് (യൂണിറ്റ് കോർഡിനേറ്റർ)