തെരുവുവിളക്കിൽ കത്തിക്കയറി പ്രതിഷേധം
തൃശൂർ: തെരുവുവിളക്ക് കത്താത്തതിലും പുല്ലുവെട്ടാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങളും ഭരണകക്ഷിയംഗങ്ങളും കോർപറേഷൻ കൗൺസിലിൽ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒല്ലൂർ സോണലിൽ രണ്ട് മാസമായി തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർ സനോജ് കെ.പോൾ ആണ് വിഷയം അവതരിപ്പിച്ച് പ്രതിഷേധിച്ചത്. ഒപ്പം പുല്ലുവെട്ടാനോ നായശല്യം തീർക്കാനോ യാതൊരു നടപടിയുമില്ലെന്ന് ആരോപിച്ച് ഭരണകക്ഷിയിലെ സി.പി.പോളിയും നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് വിഷയത്തിൽ മറുപടി പറയേണ്ട പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രോളിൻ ജെറിഷും പ്രതിഷേധവുമായി ഇറങ്ങി. വിഷയം ഗുരുതരമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ നിജസ്ഥിതി എന്താണെന്ന് കൗൺസിലിനെ അറിയിക്കാനും മേയർ എം.കെ.വർഗീസ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് സെക്രട്ടറി സമ്മതിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ മേയർ സെക്രട്ടറിക്കു നിർദേശം നൽകി. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഇ.വി.സുനിൽ രാജ്, ജോൺ ഡാനിയേൽ, രാമനാഥൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഓണസദ്യയിലും വിവാദം
കോർപറേഷൻ ഓണ സദ്യ വിളമ്പിയത് പലർക്കും കിട്ടിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷവും ഭരണകക്ഷിയും. അച്ചാർ പോലും ചോദിച്ചിട്ട് കിട്ടിയില്ലെന്ന് ജയപ്രകാശ് പൂവ്വത്തിങ്കൽ പറഞ്ഞു. ജീവനക്കാരിൽ നിന്ന് 400 രൂപ പിരിവെടുത്തിട്ടും ഭക്ഷണം തികയാതിരുന്നത് വളരെ മോശമായെന്നും പറഞ്ഞു. ബിനി ടൂറിസ്റ്റ് ഹോമിൽ ഓണസദ്യ നടത്തിയതോടെ സദ്യയിൽ പോലും വിഭാഗീയത കലർത്തിയെന്ന് രാജൻ ജെ.പല്ലൻ ആരോപിച്ചു.
മൂന്ന് ലക്ഷം എവിടെ?
പുലികളി നടത്തിയ കോർപറേഷനെ അറിയിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മൂന്ന് ലക്ഷം രൂപ ആർക്കാണ് അനുവദിച്ചതെന്ന് അറിയില്ലെന്ന് മേയർ എം.കെ. വർഗീസ്. സർക്കാർ നടപടികളിലൂടെ പണം ലഭിക്കുമെന്ന് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിയും വി. ആതിരയും മറുപടി നൽകി.